പട്ടയഭൂമിക്കേസിൽ തിരിച്ചടിയേറ്റ് സർക്കാർ; പ്രചാരണ ആയുധമാക്കി കോൺഗ്രസ്

പട്ടയഭൂമിയിലെ നിർമാണ നിയന്ത്രണം ഇടുക്കിയിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട സുപ്രീം കോടതി വിധി പ്രചാരണ ആയുധമാക്കി യു.ഡി.എഫ്.  ഇടുക്കി ജില്ലയിൽ നടത്തിയ  തുടർ സമരങ്ങൾ ശരിവെക്കുന്നതാണ് കോടതി വിധിയെന്നാണ് യുഡിഎഫ് നിലപാട്. എത്രയും വേഗം ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. 

പട്ടയ ഭൂമിയിലെ നിർമാണങ്ങൾ 15 സെന്റിനു മുകളിലാണെങ്കിലും 1500 ച. മീറ്ററിൽ കൂടുതലാണെങ്കിലും കണ്ടുകെട്ടി പാട്ടത്തിനു നൽകാമെന്ന്  2019 ഓഗസ്റ്റ് 22നു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ നിബന്ധനകൾ ഒക്ടോബറിൽ മൂന്നാർ മേഖലയിലെ 8 വില്ലേജുകളിലായി നിജപ്പെടുത്തി. ഇടുക്കിയിലാകെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശ്ക്തമായതോടെ  1964ലെയും 93ലെയും ഭൂപതിവു നിയമങ്ങളിൽ ഭേദഗതിക്കു ശ്രമിക്കാതെ മൂന്നാർ മേഖലയിലെ 8 വില്ലേജുകൾക്കുവേണ്ടി സര്‍ക്കാര്‍ വീണ്ടും പുതിയ ഉത്തരവ്  ഇറക്കുകയാണ് ചെയ്തത്. സംസ്ഥാനം മുഴുവൻ ബാധമാകുന്ന ഹൈകോടതി വിധി നിലനിൽക്കെ ഇടുക്കിയിലെ 8 വില്ലേജിനു മാത്രം നിബന്ധനകൾ ബാധകമാക്കുന്നതിനെതിരെ പ്രതിഷേധം വീണ്ടുമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിധി ശരിവയ്ക്കുന്ന സുപ്രീം കോടതി വിധി.

മധുരം വിതരണം ചെയ്താണ് പി.ജെ ജോസഫ്‌ കോടതി വിധിയെ സ്വാഗതം ചെയ്തത്. തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ തെറ്റായ ഭൂ- നയങ്ങൾക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇടുക്കിയിലെ 8 വില്ലേജുകളിൽ മാത്രമായി നിജപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ജില്ലയിലെ മഹിളാ കോൺഗ്രസ്‌ നേതാവ് ഹൈക്കോടതിയെ സമീപിച്ചതാണ് സംസ്ഥാനത്താകെ പ്രതിസന്ധിയുണ്ടാകാൻ കാരണമെന്ന് സി പി എം ആരോപിച്ചു. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടരുകയാണെന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വ്യക്തമാക്കി.