ആനിക്കാട് ചിറ സ്വകാര്യ സംഘടനക്ക് കൈമാറാന്‍ ശ്രമം; പരാതി

തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കം മറയാക്കി മൂവാറ്റുപുഴ ആനിക്കാട് ചിറ രഹസ്യമായി സ്വകാര്യ സംഘടനക്ക് കൈമാറാന്‍ ശ്രമം നടക്കുന്നതായി പരാതി. ആവോലി പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെ പഞ്ചായത്ത് അധികാരികളും സെക്രട്ടറിയും ചേര്‍ന്ന് കൈമാറ്റ കരാര്‍ തയാറാക്കിയെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആക്ഷേപം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് അധികൃതര്‍ വിശദീകരിച്ചു.  

എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ചിറകളില്‍ ഒന്നാണ് മൂവാറ്റുപുഴ ആവോലി പഞ്ചായത്തിെല ആറേക്കറോളം വരുന്ന ആനിക്കാട് ചിറ. അടുത്തകാലത്താണ് കോടികള്‍ ചെലവഴിച്ച് ചിറ നവീകരിച്ചതും. 20 വര്‍ഷത്തെ പാട്ടത്തിന് സ്വകാര്യ സംഘടനയ്ക്ക് തു‍ച്ഛമായ തുകയ്ക്ക് ചിറ വില്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായാണ് സാമൂഹ്യ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളും ജനകീയ സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മറവില്‍ പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അതീവരഹസ്യമായാണ് കരാര്‍ തയാറാക്കിയതെന്നാണ് പരാതി. ടൂറിസ്റ്റ് പദ്ധതികൾക്കാണ് ചിറ നൽകുന്നതെന്നാണ് ഇതുസംബന്ധിച്ച കരാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ  പൊതുമുതൽ കൈമാറുന്നതിനുള്ള യാതൊരുവിധ വിധ അനുമതികളും പഞ്ചായത്ത് വാങ്ങിയിട്ടില്ലെന്നാണ് ആരോപണം. ലക്ഷങ്ങള്‍ നല്‍കി ചിറയുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ ആളുകളുണ്ടെന്നിരിക്കെ ഒരു വര്‍ഷത്തേക്ക് 15,000 രൂപയ്ക്കാണ് ചിറ കൈമാറുന്നത്.

എന്നാൽ ഗ്രീൻ പീപ്പിളിൻ്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.  നബാഡിൻ്റെ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചെലവാക്കി മൂന്ന് മാസം മുൻപ് പണിത ചിറ നശിച്ച് പോകാതിരിക്കാനും കൂടുതൽ ആളുകളെ ആകർഷിക്കുന്ന രീതിയിലുള്ള ടൂറിസ പദ്ധതികൾക്കുമായി ആനിക്കാട് സർവ്വീസ് സഹകരണ ബാങ്കിനാണ് ടെൻഡർ നൽകിയതെന്നും ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗീസ് പറഞ്ഞു.