പാലായ്ക്കുണ്ടൊരു ‘ലണ്ടൻ ബ്രിഡ്ജ്’; മീനച്ചിലാറിന്‍റെ കരയിലെ കാഴ്ച

ലണ്ടൻ ബ്രിഡ്ജ് കാണാൻ എന്താണ് മാർഗം. നേരിട്ട് കാണണമെങ്കിൽ  കാശുമുടക്കി ലണ്ടനിൽ പോകണം. എല്ലാവർക്കും അതത്ര എളുപ്പമല്ല. സാരമില്ല  തൽക്കാലം  പാലായ്ക്ക് ഒന്നിറങ്ങിയാൽ  ലണ്ടൻ ബ്രിഡ്ജിന്റെ ഒരു  ചെറിയ മാതൃക കാണാം. പാലാ ടൗൺ ബസ് സ്റ്റാൻഡിന് സമീപം മീനച്ചിലാറ്റും ളാലം തോടും സംഗമിക്കുന്നിടത്താണ് കാഴ്ചയുടെ കൗതുകം ഒരുക്കിയിരിക്കുന്നത്. 

രണ്ട് മീറ്റർ വീതിയും മുപ്പത് മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. പാലം കയറിയിറങ്ങിയാൽ കാഴ്ചകളുടെ വിസ്മയലോകമാണ്. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ ടൂറിസം പദ്ധതിയിൽ പാരിസിലെ ലൂവ്ര മൂസിയം മാതൃകയിൽ ഗ്ലാസ് മേൽക്കൂരയോടു കൂടിയ നിർമിതി, ഓപ്പൺ സ്റ്റേജ് ,മൾട്ടി പർപ്പസ് ഹാൾ, ലഘുഭക്ഷണ ശാല, റിവർവ്യൂ പോയിന്റ് എന്നിവയുമുണ്ട്. പാലാ കുരിശുപള്ളിയുടെ മാതൃകയിലാണ് പാലത്തിന്റെ പ്രവേശന കവാടം. 

2013 ൽ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി 5 കോടി രൂപയായിരുന്നു അനുവദിച്ചത്. വാഗമൺ, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ ഭരണങ്ങാനം, അരുവിത്തുറ, രാമപുരം നാലമ്പലം, തങ്ങൾ പാറ എന്നീ തീർഥാടന കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള ഗ്രീൻ ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടമാണ് പാലായിൽ പൂർത്തിയായത്.