കപ്പ നട്ടു, കപ്പടിച്ചു; ധനലക്ഷ്മിയുടെ അക്കൗണ്ടിലേക്കു എത്തിയത് രണ്ടര ലക്ഷം രൂപ

കോവിഡ് കാലം പലർക്കും പരീക്ഷണ കാലമാണ്. ആ പരീക്ഷണം വിജയിച്ചതും പരാജയപ്പെട്ടതും വാര്‍ത്തകളാകുന്ന കാലം കൂടിയാണ്. ഇപ്പോൾ ഉഴവൂരിൽ നിന്നും വരുന്നത് അധ്വാനം നൽകിയ ഒരു നേട്ടത്തിന്റെ കഥയാണ്.

ഉഴവൂർ മൂന്നാം വാർഡിലെ തരിശു ഭൂമിയിൽ വനിതാ കൂട്ടായ്മയായ ധനലക്ഷ്മി നടത്തിയ  കൃഷി വൻവിജയം. വിശ്രമമില്ലാത്ത അധ്വാനത്തിലൂടെ സൃഷ്ടിച്ചത് നല്ല മാതൃക. മരച്ചീനിയും ഏത്തവാഴക്കുലകളും വിറ്റപ്പോൾ ഇവരുടെ അക്കൗണ്ടിലേക്കു എത്തിയത് രണ്ടര ലക്ഷം രൂപ. ഇതിൽ 95 ശതമാനത്തിലധികവും മരച്ചീനിയുടെ വില. ഏതാനും മാസം മുൻപ് പാട്ടത്തിനെടുത്ത 3 ഏക്കർ പുരയിടത്തിൽ നട്ട 5,000 മൂട് മരച്ചീനിയിൽ 3000 ചുവട് വിളവെടുത്തപ്പോഴാണ് കൂട്ടായ്മ അക്ഷരാർഥത്തിൽ ധനലക്ഷ്മിയായത്.

പഞ്ചായത്തംഗം ആനീസ് മാത്യുവിന്റെ നേതൃത്വത്തിൽ സതി വിജയൻ, ബെൻസി ബിജു, സുജാത സുരേന്ദ്രൻ, ബെൻസി സണ്ണി, ഗീത ഷാജി, ഗീത രഘുനാഥ്, പെണ്ണമ്മ ബേബി, മിനി തങ്കച്ചൻ, ഷൈലജ നാരായണൻ എന്നിവരാണ് ധനലക്ഷ്മി കൂട്ടായ്മയിലെ അംഗങ്ങൾ. പാണാത്ത് ഗിരിജയുടെ പുരയിടം പാട്ടത്തിനെടുത്താണ് കൃഷിയുടെ തുടക്കം. കാടു പിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കി. ചേന, 300 ഏത്തവാഴ, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, മത്തൻ, ചീനിക്കിഴങ്ങ്, കൂർക്ക കൃഷികളും നടത്തി. ഇതിലും നല്ല വിളവു കിട്ടി. 

മരച്ചീനി വിളവെടുപ്പ് അൽപം കഠിനമായതിനാൽ കുടുംബാംഗങ്ങളും സഹായത്തിന് എത്തി. ഇത്തവണ 3 ഏക്കർ സ്ഥലം കൂടി പാട്ടത്തിനെടുത്തു. വല്ലംബ്രോസൻ സഭയുടേതാണ് സ്ഥലം. ഇവിടെ 2,000 ചുവട് കപ്പയാണു നട്ടത്.ബാക്കി സ്ഥലത്തു പച്ചക്കറിക്കൃഷി തുടങ്ങി. ദിവസവും എട്ടിനു ജോലി തുടങ്ങും. കൂടുതൽ മേഖലകളിൽ കൃഷി നടത്താനാണു തീരുമാനമെന്നു പഞ്ചായത്തംഗം ആനീസ് മാത്യു പറഞ്ഞു. വിളവെടുപ്പ് ഉത്സവം പഞ്ചായത്തംഗം ഡോ.സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.