വീടിനായി 15 വർഷത്തെ കാത്തിരിപ്പ്; ഓടിട്ട വീടു തകർന്നുവീണ് ദമ്പതികൾക്കു പരുക്ക്

15വർഷമായി വിവിധ ഭവന പദ്ധതികളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ബാലരാമപുരത്തെ 72കാരനായ സിറിലും ഭാര്യ ബേബി അൽഫോൻസും. ഇതുവരെ വീട് അനുവദിച്ചില്ല.  മൂന്നു പഞ്ചായത്തു സമിതികൾ മാറി വന്നെങ്കിലും ഫലമുണ്ടായില്ല. അതിനിടെയിലാണ് ഓടിട്ട വീടു തകർന്നുവീണു ഇരുവർക്കും പരുക്കേറ്റത്. തലയ്ക്കും കാലിനും കൈക്കുമാണ് പരുക്ക്. പത്തുവർഷമായി കിടപ്പുരോഗിയാണ് സിറിൽ. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ്  വീടു തകർന്നത്.   ഭാര്യയുടെ മീൻ കച്ചവടംകൊണ്ടാണ് വീടുകഴിഞ്ഞുപോകുന്നത്.

മകൻ ഷിബു അപകട സമയത്ത് വീട്ടിലില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. മേൽക്കൂരയിലെ ഓടും തടികളും മണ്ണും ദമ്പതികളുടെ ദേഹത്തു വീണനിലയിലായിരുന്നു. സമീപത്തെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വീടിന്റെ ചുമരു നനഞ്ഞു കുതിർന്നിരുന്നു. 2017 ലെ ഭവനപദ്ധതിയിൽ ഇവരുടെ പേരുണ്ടെന്നും അതിലെ 

ആർക്കും വീടു ലഭിക്കാത്തതിനാൽ ഇവർക്കും ലഭിക്കാത്തതാണെന്നും അധികൃതർ അറിയിച്ചു.