ഒരു പതിറ്റാണ്ട് നാട്ടിൽ ഭീതി വിതച്ച് 110 കെവി ലൈൻ; കുലുങ്ങാതെ കെഎസ്ഇബി

വൈക്കത്ത് കെഎസ്ഇബിയുടെ മൂക്കിനു താഴെ 110 കെവി ലൈൻ നിലം മുട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ KSEB യിലും ഉന്നത ഉദ്യോഗസ്ഥർക്കും നാട്ടുകാർ പരാതി നൽകിയിട്ടും ലൈൻ മാറ്റാൻ നടപടിയില്ല.  അനാസ്ഥ ഒരു ജീവൻ അപഹരിച്ചിട്ടും ലൈനിൽ വൈദ്യുതി ഇല്ലെന്നും ദ്രവിച്ച തേക്ക്പോസ്റ്റുകൾ വീഴില്ലെന്ന ന്യായം ആവർത്തിക്കുകയാണ് ഉദ്യോഗസ്ഥർ. 

വൈക്കം നഗരസഭ രണ്ടാം വാർഡിലെ നാഗംപൂഴി ട്രാൻസ്ഫോർമറിൽ നിന്ന് പെരിഞ്ചിലപാടത്തേക്കുള്ള 110 കെവി വൈദ്യുതി ലൈനിൻ്റെ അവസ്ഥയാണിത്. പത്ത് വർഷത്തിലേറെയായി മരച്ചില്ലകളിൽ കുരുങ്ങിയും നിലംമുട്ടിയും ലൈൻ നാട്ടുകാരിൽ ഭീതി വിതയ്ക്കുന്നു. കൊച്ചു കുട്ടികൾക്കു പോലും കൈയ്യെത്തി പിടിക്കാവുന്ന അകലത്തിലാണ് ലൈൻ. അഞ്ച് വർഷം മുമ്പ് ലൈനിൽ മരം വീണപ്പോൾ  അപകടാവസ്ഥ ഒഴിവാക്കാൻ നാട്ടുകാർ പരാതി നൽകി. എന്നിട്ടും കെഎസ്ഇബി കുലുങ്ങിയില്ല. ലൈനിൽ സപ്ലൈ ഇല്ലെന്നാണ് വിശദീകരണം. ഈ പല്ലവി ആവർത്തിച്ച് ഒടുവിൽ ഉദയനാപുരത്ത് രണ്ടാഴ്ച മുൻപ് നഷ്ടപ്പെട്ടത് ഒരു ജീവനാണ്.

സമീപ പഞ്ചായത്തിലെ ചെമ്പ് ഫീഡറിൽ നിന്ന് ഇവിടെ വൈദ്യുതി എത്തിച്ച്  വിതരണം തുടങ്ങിയതോടെയാണ് ഈ ലൈൻ KSEB ക്ക് വേണ്ടാതായത്.  പരിഷ്ക്കാരം വന്നതോടെ പത്ത് തവണയെങ്കിലും  പ്രദേശത്ത് വൈദ്യുതി മുടങ്ങും. ട്രാൻസ്ഫോർമർ സ്ഥാപിച്ച  പോസ്റ്റുകളും അപകട സ്ഥിതിയിലാണ്. വൈദ്യുതി ലൈനുകളോട് ചേർന്ന് അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിൽ കെട്ടിട നിർമാണങ്ങളും തകൃതിയാണ്.   പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ  മരിച്ചതിനെത്തുടർന്ന് അപകടാവസ്ഥയിലുള്ള ലൈനുകൾ മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു. ഈ നിർദേശവും നടപ്പായില്ല എന്നതിന് തെളിവാണ് ഈ കാഴ്ചകൾ.