പി.കേശവദേവിന്റെ ജന്മഗൃഹം നാശത്തിന്റെ വക്കിൽ; ഏതു നിമിഷവും നിലംപൊത്താം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ പി.കേശവദേവിന്റെ ജന്മഗൃഹം നാശത്തിന്റെ വക്കിൽ. പകുതി തകർന്ന കെട്ടിടം ഏതു നിമിഷവും നിലംപൊത്താം. മ്യൂസിയം നിർമാണത്തിനായി സർക്കാർ ഏറ്റെടുത്ത് ഒന്നര വർഷം കഴിഞ്ഞിട്ടും പുനരുദ്ധാരണത്തിന് നടപടിയില്ല

ഓടയിൽനിന്ന് ലക്ഷ്മിയെ കൈ പിടിച്ചുയർത്തിയ പപ്പുവിനെ മലയാളത്തിന് സമ്മാനിച്ച പി.കേശവദേവ്. അരികുജീവിതങ്ങളെ ചായക്കൂട്ടുകളില്ലാതെ വരച്ചിട്ട കഥാകാരന്റെ ഓർമകൾ പേറുന്ന ജന്മഗൃഹം. ഓരോ മഴയ്ക്കും അവശേഷിപ്പുകളുടെ അളവ് കുറയുകയാണ്. വടക്കൻ പറവൂർ കെടാമംഗലത്തെ വീടിന്റെ ഒരു ഭാഗം മൂന്നു വർഷം മുൻപ് മഴയിൽ നിലംപൊത്തി. ബാക്കിയുള്ളത് കാടു കയറി നശിച്ചു കൊണ്ടിരിക്കുന്നു. നാട്ടുകാരുടെയും , സാഹിത്യകാരൻമാരുടെയും അഭ്യർഥനയെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വീട് സർക്കാർ ഏറ്റെടുത്തിരുന്നു. മ്യൂസിയത്തിനായി 52 ലക്ഷം രൂപയും അനുവദിച്ചു. പിന്നീടിങ്ങോട്ട് ആരും തിരിഞ്ഞു നോക്കിയതുപോലുമില്ല.

കുടുംബാംഗത്തിന്റെ മേൽനോട്ടത്തിലായിരുന്ന വീടും 13 സെന്റ് സ്ഥലവുമാണ് മുസിരിസ് പൈതൃക പദ്ധതി പ്രകാരം സർക്കാർ ഏറ്റെടുത്തത്. പൂർണമായി നശിക്കുന്നതിന് മുൻപ് വീട് പുനരുദ്ധരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.