മെത്രാപ്പോലിത്തയ്ക്ക് വിട; പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കം ആയിരങ്ങളുടെ അന്ത്യാഞ്ജലി

കാലം  ചെയ്ത മാര്‍ത്തോമ്മ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്ക് സമൂഹത്തിന്‍റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചുമെത്രാപ്പോലീത്തയുടെ ഭൗതികശരീരം  തിരുവല്ലയിലെ  സഭാ ആസ്ഥാനത്തെ ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മ സ്മാരക ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം ഔദ്യോഗിക ബഹുമതികളോ‌‌ടെ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ്ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തത്.  ബിലിവേഴ്സ് ആശുപത്രി ചാപ്പലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ആദരമര്‍പ്പിച്ചു.

രാവിലെ ഏഴരയോടെ പൊതുദര്‍ശനത്തിനായി സഭാ ആസ്ഥാനത്തുള്ള ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മ സ്മാരക ഹാളിലേക്ക് ഭൗതികശരീരം വിലാപയാത്രയായി കൊണ്ടുവന്നു.ഇവിടെവച്ച് സഭയിലെ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രാക്ഷ്ട്രീയ സാമൂഹ്യ നേതാക്കള്‍,  സഭാനേതാക്കള്‍, വിവിധ ഇടവകകളില്‍ നിന്നെത്തിയ വിശ്വാസികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ മെത്രാപ്പോലീത്തയ്ക്ക് ആദരവര്‍പ്പിച്ചു.

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കാലം ചെയ്ത തന്‍റെ പിന്‍ഗാമി ജോസഫ് മാര്‍ത്തോമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ഏറെ ദുഖത്തോടെയാണ്. നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ജോസഫ് മാര്‍ത്തോമ്മയുടെ സേവനങ്ങളെ അനുശോചന സന്ദേശത്തില്‍  അനുസ്മരിച്ചു. രാഹുല്‍ ഗാന്ധിയും മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ.രാജു പുഷ്പചക്രം അര്‍പ്പിച്ചു. നാളെ ഉച്ചകഴിഞ്ഞ് നാളെ രണ്ടു മണിവരെ പൊതുദര്‍ശനം തുടരും. മൂന്നിനാണ് പൂര്‍ണഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകള്‍ നടക്കുക .