'നോട്ടയ്ക്കും പിന്നിലായവര്‍ എങ്ങനെ തമിഴ്നാട് ഭരിക്കും..? ബി.ജെ.പിയെ പരിഹസിച്ച് ഉദയനിധി

തമിഴ് സിനിമയിലെ യുവ താരവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്നതാണ് കോളിവുഡിലെ പുതിയ ചോദ്യം. രാഷ്ട്രീയവേദികളില്‍ ഇടയ്ക്കൊക്കെ ഉദയനിധി പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ താരം എന്നതിനേക്കാള്‍ താനൊരു ഡി.എം.കെ പ്രവര്‍ത്തകനായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് പറയുന്ന ഉദയനിധി ഒരു സ്വകാര്യ തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൂടുതല്‍ വ്യക്തമായി രാഷ്ട്രീയം പറഞ്ഞത്. ബി.ജെ.പിയെ പരിഹസിക്കുകകൂടി ചെയ്തതോടെ ആരാധകരുടെ പ്രതീക്ഷയും ഏറി.

ബി.ജെ.പിയുടെ തമിഴ്നാട്ടിലെ വളര്‍ച്ചയെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിനാണ് നോട്ടയ്ക്കും പിന്നില്‍ പോയവര്‍ എങ്ങനെ തമിഴ്നാട് ഭരിക്കും എന്ന് താരം തിരിച്ചുചോദിച്ചത്. ബി.ജെ.പിയുടെ രാഷ്ട്രീയം ശരിയായ ദിശയിലല്ലെന്നും താരം കുറ്റപ്പെടുത്തി. കമല്‍ഹാസനും രജനികാന്തും രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ ഡി.എം.കെ രാഷ്ട്രീയ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. അണ്ണാ ഡി.എം.കെയ്ക്കും ഡിഎംകെയ്ക്കും പിറകില്‍ താരങ്ങള്‍ അണിനിരന്ന പഴയ കാലമല്ല ഇന്ന്. താരങ്ങള്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട് തൂത്തുവാരുകയാണ് ഡി.എം.കെയുടെ ലക്ഷ്യം.

ടുജി കേസില്‍ കുറ്റവിമുക്തയായ കനിമൊഴിയായിരിക്കും ഡി.എം.കെയുടെ മുഖം എന്നറിയുന്നു. സ്റ്റാലിനും കനിമൊഴിയും രാജയും കൂടെ ഉദയനിധിയും പടനയിക്കും എന്ന് കരുതുന്നവരാണ് ഏറെയും. ഉദയനിധി സ്റ്റാലിന്‍റെ പുതിയ ചിത്രമായ നിമിര്‍ ജനുവരി 26ന് തിയറ്ററിലെത്തും. മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ മഹേഷിന്‍റെ പ്രതികാരമാണ് തമിഴില്‍ നിമിര്‍ ആകുന്നത്. മഹേഷ് ഭാവന സെല്‍വമാകുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്.