ഓടിക്കോ ബോംബ്; ഡമ്മി ബോംബ് എന്നെഴുതിയ സാധനം, പരിഭ്രാന്തി; ഒടുവിലാശ്വാസം

മലപ്പുറം: സിവിൽ സ്റ്റേഷനിലെ ജില്ലാ ആർടി ഓഫിസിൽ ബോംബ് ഭീഷണി; മോക്ഡ്രില്ലാണെന്ന് അറിഞ്ഞതോടെ ആശങ്ക ഒഴിവായി. ഇന്നലെ രാവിലെ ഒൻപതോടെയാണ് ആർടി ഓഫിസിൽ ബോംബ് വച്ചതായി മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഫോൺ എത്തിയത്. ഇതോടെ പൊലീസും ബോംബ് സ്ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി. അപേക്ഷകൾ സ്വീകരിക്കുന്ന കൗണ്ടറിനു താഴെ മതിലിനു സമീപത്താണ് പിവിസി പൈപ്പിൽ ഘടിപ്പിച്ച നിലയിൽ ബോംബ് എന്നെഴുതിയ സാധനം കണ്ടെത്തിയത്. വിവിധ ആവശ്യങ്ങൾക്കെത്തിയ പൊതുജനങ്ങളും ഇതോടെ പരിഭ്രാന്തരായി. 

ഡിവൈഎസ്പി പി.സി.ഹരിദാസ്, സിഐ എ.പ്രേംജിത്ത്, എസ്ഐ സംഗീത് പുനത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തു ക്യാംപ് ചെയ്ത് ആളുകളെ മാറ്റി. വിഷയം ജില്ലാ പൊലീസ് മേധാവി യു.അബ്ദു‍ൽ കരീമിനെ അറിയിച്ചതോടെയാണ് സാമൂഹിക സുരക്ഷയുടെ ഭാഗമായി നടത്തിയ മോക്ഡ്രില്ലാണെന്നു വ്യക്തമായത്. 11 മണിയോടെ ബോംബ് സ്ക്വാഡ് വിഭാഗം ഡമ്മി ബോംബ് നിർവീര്യമാക്കി. പിവിസി പൈപ്പും കുറച്ചു വയറു കഷണങ്ങളുമായിരുന്നു ഇതിലുണ്ടായിരുന്നത്. പൊലീസും തീരദേശ പൊലീസും ചേർന്നാണ് മോക്ഡ്രിൽ നടത്തിയത്.