സമരവും പ്രതിഷേധവും മടുത്തു; കാട്ടാനശല്യത്തിൽ വലഞ്ഞ് ഏലം കർഷകർ

കൃഷിയിടത്തിൽ കാട്ടാന ശല്ല്യം സ്ഥിരമായതോടെ  ദുരിതത്തിലായി ഏലം കർഷകർ. ഇടുക്കി കുമളിക്ക് സമീപം തൊണ്ടിയാർ, മുല്ലയാർ മേഖലകളിലാണ് കാട്ടാനയിറങ്ങി ഏലത്തോട്ടങ്ങള്‍  നശിപ്പിക്കുന്നത്. കാർഷിക മേഖലയിൽ വന്യ മൃഗങ്ങൾ കടക്കാതിരിക്കാന്‍  വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ്  ആക്ഷേപം.

പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന തൊണ്ടിയാർ, മുല്ലയാർ ഭാഗത്ത് ആഴ്ച്ചയിൽ ഒരിക്കലെങ്കിലും  കാട്ടാനക്കൂട്ടമെത്തും.  കഴിഞ്ഞ ദിവസം കാട്ടാനകള്‍ 500 ഏലച്ചെടികൾ നശിപ്പിച്ചു. മറ്റ് വന്യമൃഗങ്ങളും സ്ഥലത്തെ നിത്യ സന്ദർശകരാണ്. വനം വകുപ്പിന്റെ  ട്രെഞ്ചുകളും, വേലികളും നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്നതിനാലാണ് മൃഗങ്ങള്‍ സ്ഥിരമായി നാട്ടിലിറങ്ങുന്നത്. 

തോട്ടത്തിലെ കർഷകരുടെ ഷെഡ് തകർത്തു, കൂറ്റൻ മരങ്ങൾ  കുത്തി മറിച്ചു. കർഷകർ രാവും, പകലും ഭീതിയോടെ കഴിയുകയാണ്, വനപാലകരുടെ ഭാഗത്ത് നിന്നും നിസ്സഹകരണമെന്നാണ്  പരാതി. ഒരു ഏലച്ചെടിക്ക് പതിനേഴര രൂപയാണ് വനം വകുപ്പിന്റെ  നഷ്ടപരിഹാരം. ഇവരുടെ  നഷ്ടത്തിന്റെ  നാലിലൊന്ന് പോലും ലഭിക്കാറില്ല. സമരം നടത്തിയും, പ്രതിഷേധങ്ങൾ സംഘടിപ്പിച്ചും കർഷകർ മടുത്തു. പ്രശ്നത്തിന് സർക്കാർ ശ്വാശ്വത പരിഹാരം കാണണം എന്നാണ് കർഷകരുടെ ആവശ്യം.