കണ്ണീരിനും ദുരിതത്തിനും അവസാനം; മുൻമന്ത്രിയുടെ ഭാര്യയ്ക്ക്് ഇനി സ്വന്തം വീട്

മുന്‍മന്ത്രി പി.കെ.വേലായുധന്റെ ഭാര്യയുടെ, വാടകവീടുകളിലെ ദുരിതജീവിതത്തിന് അവസാനമാകുന്നു. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കുന്ന വീടിന്റെ താക്കോല്‍ മന്ത്രി എ.കെ.ബാലന്‍, ഗിരിജാ വേലായുധന് കൈമാറി. രണ്ട് ദിവസത്തിനുള്ളില്‍ പുതിയ വീട്ടിലേക്ക് താമസം മാറും.

സ്വന്തം വീടിനായി മന്ത്രിപത്നിയായിരുന്ന ഗിരിജ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടോളമായി.  ആ കാത്തിരിപ്പിന് ഇന്നലെ ശുഭപര്യവസ .താക്കോല്‍ കൈമാറ്റം. മന്ത്രി എ.കെ. ബാലന് നല്‍കിയ അപേക്ഷ പരിഗണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്റെ കല്ലടിമുഖത്തെ ഫ്ളാറ്റിലാണ് വീട് നല്‍കിയത്. 

1982ലെ കരുണാകരന്‍ മന്ത്രിസഭയിലെ ഗ്രാമവികസനമന്ത്രി പി.കെ.വേലായുധന്റെ ഭാര്യയായ ഗിരിജ അദേഹം മരിച്ച 2003 മുതല്‍ വാടകവീടുകളിലും സുഹൃത്ത് വീടുകളിലുമായിരുന്നു താമസം. ആരോരും ആശ്രയമില്ലാതായ ഗിരിജ വീടിന് അപേക്ഷ നല്‍കാന്‍ വന്ന കാര്യം മന്ത്രി പങ്കുവച്ചു. അങ്ങനെ മന്ത്രിമന്ദിരത്തില്‍ തുടങ്ങി വാടകവീടിലെത്തിയ ദുരിതകാലത്തിന് ശേഷം ഇനി നഗരസഭയുടെ ഫ്ളാറ്റിലേക്ക്.