കൂരയിൽ നിന്ന് ‘കൊട്ടാര’ത്തില്‍; രണ്ടേകാല്‍ സെന്റിലെ 'വൈറൽ' വീട്: ആ കഥ

ഒറ്റമുറി കൂരയിൽ നിന്ന് കൊട്ടാരത്തിലേക്ക് ചേക്കേറിയ സന്തോഷത്തിലാണ് കൊല്ലം സ്വദേശി മഞ്ജുക്കുട്ടൻ ഇപ്പോൾ. മഞ്ജുക്കുട്ടന്റെ വീട് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്. നിരവധിപ്പേരാണ് വീടിന്റെ ചിത്രങ്ങൾ കണ്ട് ഇത് ആരുടെ വീടാണെന്ന് ചോദിക്കുന്നത്. വീടിന്റെ പ്ലാനിനെക്കുറിച്ചും ചിലവിനെക്കുറിച്ചുമൊക്കെ സംശയങ്ങൾ ചോദിക്കുന്നവരുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ മഞ്ജുക്കുട്ടൻ ജീവിതത്തിലെ വലിയ ആഗ്രഹം പൂർത്തീകരിച്ച സന്തോഷം മനോരമ ന്യൂസിനോട് പങ്കുവയ്ക്കുകയാണ്. 

'കൊല്ലം കരുനാഗപ്പള്ളിയിലാണ് എന്റെ വീട്. അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയും അവരുടെ കുഞ്ഞും ഞാനുമാണ് ഈ വീട്ടിലുള്ളത്. രണ്ടേകാൽ സെന്റിൽ വെച്ച വീടാണ്. ഞങ്ങളുടെ അമ്മയ്ക്ക് മൂന്ന് മക്കളാണ്. അമ്മ ഗർഭിണിയായി ഇരിക്കുമ്പോഴാണ് അമ്മയെ ‍ഞങ്ങളുടെ അച്ഛൻ ഉപേക്ഷിക്കുന്നത്. പിന്നീട് ഞങ്ങളെയുംകൊണ്ട് അമ്മ ഒരുപാട് അലഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തെങ്ങിനോട് ഓല മെടഞ്ഞ് കെട്ടി അതിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. അമ്മയുടെ കഷ്ടപ്പാട് കണ്ട് അമ്മ ജോലി ചെയ്തിരുന്ന വീടിന്റെ ഉടമ വീട് വെയ്ക്കാൻ വേണ്ടി കുറച്ച് സ്ഥലം കൊടുത്തു. അപ്പോഴേക്കും ചേച്ചിയെ വിവാഹം കഴിപ്പിച്ചു. അന്ന് ചേച്ചിക്ക് 16 വയസ്സേ ഉള്ളൂ. ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. കഷ്ടപ്പാടുകൊണ്ടാണ് അങ്ങനെ ചെയ്തത്. പിന്നീട് ഞങ്ങൾ താമസിച്ചിരുന്ന വസ്തു സ്ഥലം ഉടമ വിറ്റു. വിറ്റത് സി.ദിവാകരന്റെ പ്രൈവറ്റ് സെക്രട്ടറിക്കായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് രണ്ടേമുക്കാൽ സെന്റ് വസ്തു തന്നു. അവിടെയാണ് ഞങ്ങൾ 25 വർഷത്തോളം ചെറിയ ഒരു വീട് കെട്ടി താമസിച്ചിരുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ആ വീട് വെച്ചത്. പക്ഷേ 5 വർഷം കഴിഞ്ഞപ്പോൾ തന്നെ വീട് പൊളിയാൻ തുടങ്ങി. പുറത്ത് പെയ്യുന്ന പോലെ തന്നെ മഴ അകത്തും പെയ്യും. കഴിഞ്ഞ മഴക്കാലം വരെ അങ്ങനെയാണ് കഴിഞ്ഞത്. 

ഞാൻ കെഎസ്‍യു സംസ്ഥാന സെക്രട്ടറി ആയി രണ്ട് വർഷം പ്രവർത്തിച്ചു. ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. എന്റെ അവസ്ഥ അറിഞ്ഞ് ഒരു സുഹൃത്ത് വീട് വെയ്ക്കാനായി എനിക്ക് ഒരു 50,000 രൂപ തന്നു. അപ്പോഴാണ് ഞാനും വീടിനെക്കുറിച്ച് ആലോചിക്കുന്നത്. എന്റെ സുഹൃത്ത് കൂടിയായ അഖിൽ എന്ന ആർക്കിടെക്ടിനെ സമീപിച്ചു. എന്റെ കുറച്ച് ആശയങ്ങളും അഖിലിന്റെ കാഴ്ചപ്പാടുകളുമൊക്കെ ചേർത്താണ് വീടിന്റെ ആദ്യ പ്ലാന്‍ തയ്യാറാക്കിയത്. ഷഫീക്ക് എന്ന സുഹൃത്താണ് കോൺട്രാക്ടർ. വീടു പണി തുടങ്ങി. നിലവിൽ 2.15 സെന്റിനകത്ത് 3 മുറി, 3 ബാത്‍റൂം, 2 ഓപ്പൺ ഏരിയ, വർക് ഏരിയ, അടുക്കള, ഒരു സ്റ്റെയർ റൂം, സ്വീകരണ മുറി എന്നിവ അടങ്ങിയ വീടാണ് പണിഞ്ഞിരിക്കുന്നത്. പണി എല്ലാം കഴിഞ്ഞാണ് കോൺട്രാക്ടർക്ക് പണം നൽകിയത്. ലൈഫ് പദ്ധതി പ്രകാരം 4 ലക്ഷം കിട്ടി. പിന്നെ ഗൃഹപ്രവേശ സമയത്ത് പലരായി തന്നത് 7 ലക്ഷം രൂപയാണ്. 10 ലക്ഷം ഷഫീക്കിന് കൊടുത്തു. ഇനി 15 ലക്ഷം കൂടി ചിലവുണ്ട്. എല്ലാംകൂടി 14 ലക്ഷത്തിന് ചെയ്യാമായിരുന്നു. പക്ഷേ പ്ലാനിങ്ങിൽ ‍ഞങ്ങളുടെ ഭാഗത്ത് ചെറിയ ചില തെറ്റികുറ്റങ്ങൾ സംഭവിച്ചുപോയി. 

വീട് ഇപ്പോൾ വൈറലാണ്. അതിൽ സന്തോഷമുണ്ട്. കാരണം വീടില്ലാത്തത് വലിയ പ്രശ്നമാണ്. വീടെന്ന് പറയുന്നത് എല്ലാവരുടെയും സ്വകാര്യ ഇടമാണ്. വൈറലാകുമെന്ന് കരുതിയില്ല. പലരും ചോദിക്കുന്നത് ഫർണിച്ചർ എങ്ങനെ അകത്തു കയറ്റും എന്നതാണ്. പണ്ടത്തെ പോലെയല്ല ഇപ്പോള്, ഫർണിച്ചറുകളെല്ലാം പീസായിട്ടാണ് ലഭിക്കുക. അകത്ത് എത്തിച്ച് ഫിറ്റ് ചെയ്താൽ മതി. പിന്നെ പലരും ചോദിച്ചത് മാലിന്യ നിക്ഷേപം എങ്ങനെയാണ് എന്നാണ്. വീടിന്റെ മുകളിൽ ടെറസിൽ നല്ല സ്ഥലുമുണ്ട്. അവിടെ പച്ചക്കറി കൃഷി ഒക്കെ തുടങ്ങാം. മാലിന്യം അവിടെ നിക്ഷേപിക്കാം. പിന്നെ പുറകിൽ കുറച്ച് സ്ഥലുമുണ്ട്. ഈ രണ്ടേകാൽ സെന്റിൽ തന്നെ വാട്ടർ ടാങ്കും സെപ്റ്റിക് ടാങ്കും ശാസ്ത്രീയമായി തന്നെ സ്ഥാപിച്ചിട്ടുണ്ട്'. തന്റെ കൊട്ടാരമാണ് ഈ വീടെന്ന് പറഞ്ഞാണ് മഞ്ജുക്കുട്ടൻ വാക്കുകൾ അവസാനിപ്പിച്ചത്.