യാത്രക്കാരനോട് അപമര്യാദ കാണിച്ചു; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം വെള്ളറടയിൽ യത്രാക്കാരനോട് അപമര്യാദയായി പെരുമാറിയ KSRTC ബസ് കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.കെ.സുരേഷിനെയാണ് സസ്പെന്റ് ചെയ്തത്. ഇറങ്ങേണ്ട സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാറ്റി ബസ് നിർത്തിച്ച് വയോധികനോടു ക്രൂരത കാട്ടിയതിനാണ് നടപടി .

കാട്ടാക്കട നിന്നും ഉള്ളൂരിലേക്ക് പോയ   ബസിൽ പ്രായമായ ആൾ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഒരു കിലോ മീറ്റർ മാറിയാണ് ബസ് നിർത്തിയതെന്നും ഇത് ചോദ്യം ചെയ്ത യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയെന്നും കാട്ടി സഹയാത്രാക്കാരൻ  അഖിലാണ് പരാതിയുമായി കെ.എസ്.ആർ.ടി.സിയെ സമീപിച്ചത്.  ബസ് നിർത്താത്തതിനെ തുടർന്ന് വയോധികൻ ബഹളം വെച്ച ദൃശ്യങ്ങൾ അഖില്‍ സമൂഹമാധ്യമത്തിൽ പങ്കുവെയക്കുകയും ചെയ്തു. പരാതിയെ കുറിച്ച് അന്വേഷിച്ച വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ടക്ടറെ സസ്പെന്‍ഡ്  ചെയ്തു. വെള്ളറട ഡിപ്പോയിലെ കെ.സുരേഷാണ് സസ്പെൻഷനിലായത്. കണ്ടക്ടറുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിജിലൻസ് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി എംഡി, ബിജു പ്രഭാകറാണ് സസ്പെന്റു ചെയ്തുള്ള ഉത്തരവിറക്കിയത്