‘ഒറ്റപ്പെട്ടവർ’ പൂർത്തിയായില്ല, ഒറ്റപ്പെട്ടവരുടെ ലോകത്തേക്ക് സംവിധായകൻ യാത്രയായി

മുക്കം:  ‘ഒറ്റപ്പെട്ടവർ’ എന്ന ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയായി കാണുന്നതിന് മുൻപേ അനീഷ് ബാബു (മുഹമ്മദ് ഹനീഫ്) എന്ന കലാകാരൻ ഈ ലോകത്തോട് തന്നെ വിട പറഞ്ഞു. ഒറ്റപ്പെട്ടവർ തിയറ്റർ സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂർത്തിയാകാനിരിക്കെയാണ് കോടഞ്ചേരിയിലെ ശാന്തി നഗറിലുണ്ടായ വാഹനാപകടത്തിൽ ആനയാംകുന്ന് പുതിയോട്ടിൽ കോളനിയിൽ താമസിക്കുന്ന അനീഷ് ബാബു മരിച്ചത്.

മിമിക്രിയിലൂടെയായിരുന്നു കലാ രംഗത്തേക്ക് എത്തിയത്. തബലിസ്റ്റുമായിരുന്നു. സിനിമകളിൽ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഹോം സിനികളിലും സീരിയലുകൾ, ടെലിഫിലിമുകൾ എന്നിവയിലും സജീവ സാന്നിധ്യമായിരുന്നു. കോവിഡ് കാലത്ത് ലോക് ഡൗൺ ഡയറി, സൈഫ് ലൈഫ് എന്നീ ബോധവൽക്കരണ ഹ്രസ്വചിത്രങ്ങളും പുറത്തിറക്കി.

ഒറ്റപ്പെട്ടവർ ചിത്രീകരണം പൂർത്തിയാക്കുന്നതിന്റെ ചർച്ചകൾ മരിക്കുന്നതിന് തൊട്ടുമുൻപും അനീഷ് ബാബു സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും അവസാന ആഗ്രഹം സഫലമാക്കുന്നതിനു രംഗത്തെത്തും. അപകട മരണത്തിനു ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു.