പാടം നിറയെ സുഗന്ധം പരത്തും വയലറ്റ് കതിരുകൾ; കൗതുകമായി 'കൃഷ്ണ കാമോദ്'

കൃഷ്ണ കാമോദ്  എന്ന അപൂർവയിനം നെല്ലിന്റെ സുഗന്ധം പരക്കുകയാണ്  കണ്ണൂർ മുതുകുട ഈസ്റ്റിലെ പാടങ്ങളിൽ. പുതിയപുരയിൽ കുഞ്ഞിരാമന്റെ കൃഷിയിടത്തിലാണ് സുഗന്ധം പരത്തിക്കൊണ്ട് വയലറ്റ് നിറത്തിലുള്ള കതിരുകൾ  നിറഞ്ഞു നിൽക്കുന്നത്.

ശ്യാമവർണത്തിലുള്ള നെൽകതിരുകൾ കാറ്റിലുലയുന്നത് കൗതുകമുണർത്തുന്ന കാഴ്ചയാണ്. ഗുജറാത്ത് ബസുമതി എന്ന്  വിശേഷിപ്പിക്കുന്ന കൃഷ്ണ കാമോദ് നെല്ല് കേരളത്തിൽ അപൂർവമായി മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. ഗുജറാത്തിലും ഒറീസ്സയിലും അപൂർവമായി കൃഷിയുണ്ട്. കതിരണിയുമ്പോഴുള്ള വയലറ്റ് നിറം പതിയെ കറുപ്പിലേക്ക് മാറും. ഔഷധ ഗുണവും രുചിയുമുള്ള ഈ നെല്ലിന്റെ പ്രത്യേകത സുഗന്ധമാണ്. ഞാറു നടുന്ന സമയത്തുതന്നെ സുഗന്ധമുണ്ടാകും. ഇപ്പോൾ, പ്രദേശത്ത് സുഗന്ധം പരത്തുകയാണ് കുഞ്ഞിരാമന്റെ നെൽപാടങ്ങൾ. വയനാട്ടിൽ  നിന്നും 225 രൂപക്ക് അര കിലോ വിത്ത് വാങ്ങിയാണ് കുഞ്ഞിരാമൻ കൃഷി ചെയ്തത്.

പായസത്തിന് കൊഴുപ്പും രുചിയും കൂടുമെന്നതിനാൽ കൃഷ്ണ കാമോദിനു കേരളത്തിലും ആവശ്യക്കാരേറെയാണ്. കൃഷ്ണ കാമോദ് നാട്ടിൽ വ്യാപകമാക്കുക എന്ന ഉദ്ദേശ്യത്തോടെ പല സുഹൃത്തുക്കൾക്കും സൗജന്യമായി വിത്തു നൽകിയെങ്കിലും ഒരാൾ പോലും കൃഷി ചെയ്തില്ല. വിളവിനു അഞ്ചു മാസത്തോളം കാത്തിരിക്കണം എന്നതാണ് കാരണമായി പറഞ്ഞത്.