'അദാനി ഗ്രൂപ്പിന്റേത് വീമ്പുപറച്ചിൽ'; വിഴിഞ്ഞം വൈകുന്നതിൽ വിമർശനവുമായി മന്ത്രി

വിഴിഞ്ഞം തുറമുഖനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന വീമ്പുപറച്ചിലാണ് അദാനി ഗ്രൂപ്പ് കരാര്‍ ഏറ്റെടുക്കുന്ന സമയത്ത് കേട്ടതെന്ന് കടകംപള്ളി പറഞ്ഞു. തുറമുഖത്തെ പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ്ങിന്റെ ഉദ്ഘാടനവേദിയിലായിരുന്നു വിമര്‍ശനം. 

വിഴിഞ്ഞം തുറമുഖത്തിന്റെ പോര്‍ട് ഓപ്പറേഷന്‍ ബില്‍ഡിങ്ങിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങിലായിരുന്നു തുറമുഖ നിര്‍മാണം വൈകുന്നതിലെ അതൃപ്തി ജില്ലയില്‍ നിന്നുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകടമാക്കിയത്. 2019 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നു പറഞ്ഞ തുറമുഖം 2020 അവസാനിക്കാറായിട്ടും പൂര്‍ത്തിയായിട്ടില്ല. നിര്‍മാണം വൈകുന്നതില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നും ഏതെങ്കിലും ഒരു കൂട്ടരെ മാത്രം കുറ്റംപറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇനിയെങ്കിലും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശക്തമായ നടപടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സാധിക്കണം. അങ്ങനെ സാധിക്കുമെന്ന വീമ്പുപറച്ചിലാണ് കരാര്‍ ഏറ്റെടുക്കുന്ന സമയത്ത് കേട്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിച്ച തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന് പറഞ്ഞില്ല. 

നിര്‍മാണം പൂര്‍ത്തിയാകാത്തതിന് നിരവധി സാങ്കേതിക ഭൗതിക സാഹചര്യങ്ങളുണ്ടെന്ന് കടന്നപ്പള്ളി പറഞ്ഞു. അദാനി ഗ്രൂപ്പിന് ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പുലിമുട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.