വിജയം ഉറപ്പ്; ബിജെപി രണ്ടാമത്; കഴക്കൂട്ടത്ത് കണക്കുകൂട്ടി കടകംപള്ളി

കടുത്ത ത്രികോണമല്‍സരം നടന്ന കഴക്കൂട്ടത്ത് വിജയമുറപ്പെന്നും ബിജെപി രണ്ടാമതുവരുമെന്നും കടകംപള്ളി സുരേന്ദ്രന്‍. ജയം തനിക്കെന്നും സംഘടനാപരമായ പിന്തുണക്കുറവൊന്നും അനുഭവപ്പെട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. പതിനായിരം വോട്ടിന്‍റെ വരെ ലീഡ് അവകാശപ്പെട്ട എസ്.എസ്.ലാല്‍, സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ വേണ്ടവിധം പരിചയപ്പെടുത്തുന്നതില്‍ പോരായ്മയുണ്ടായെന്നും പറഞ്ഞു.

കഴിഞ്ഞതവണത്തെ 7347 എന്ന ഭൂരിപക്ഷം മറികടക്കുമെന്നാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതീക്ഷ. വോട്ടെടുപ്പ് ദിവസം ശബരിമല ചൂടേറിയ ചര്‍ച്ചയായതും കാട്ടായിക്കോണത്ത് നടന്ന അക്രമസംഭവങ്ങളും തിരിച്ചടിയാവില്ലെന്നാണ് കടകംപള്ളി കരുതുന്നത്. 1500 വോട്ട് ലീഡുണ്ടാവുമെന്ന് സിപിഎം കരുതുന്ന കാട്ടായിക്കോണത്ത് കേഡര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തെന്ന് പ്രാദേശികനേതൃത്വം പറയുന്നു. ന്യൂനപക്ഷപിന്തുണ ലഭിച്ചെന്ന കണക്കുകൂട്ടലും സിപിഎമ്മിനുണ്ട്.

ശബരിമല വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ കടകംപള്ളിക്കെതിരായ വോട്ടുകള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. സാധാരണക്കാരായ സിപിഎമ്മുകാരുടെയും കോണ്‍ഗ്രസുകാരുടെയും വോട്ടും തനിക്ക് ലഭിച്ചെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംഘടനാപരമായ പ്രശ്നങ്ങള്‍ നേരിട്ടില്ലെന്നാണ് ശോഭ സുരേന്ദ്രന്‍റെ പ്രതികരണം.

7000 മുതല്‍ പതിനായിരം വോട്ടുവരെ ലീഡില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ്.ലാലിനുള്ളത്. ന്യൂനപക്ഷവോട്ടുകള്‍ പിടിക്കാന്‍ കടകംപള്ളി നടത്തിയ ശ്രമം തടയാനായെന്നും ലാല്‍ പറയുന്നു. വിദ്യാസമ്പന്നരുടെയും ചെറുപ്പക്കാരുടെയും വോട്ടിലാണ് പ്രതീക്ഷയേറെയും. എന്നാല്‍ ഒരു കാര്യത്തില്‍ അദ്ദേഹത്തിന് സ്വയംവിമര്‍ശനമുണ്ട്.