35 ലക്ഷം മുടക്കി മന്ത്രി; പക്ഷേ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര ഷീറ്റ്; വിവാദം

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ എം.എൽ.എ ഫണ്ടുപയോഗിച്ച് കഴക്കൂട്ടത്ത് ഓഡിറ്റോറിയം നിർമിച്ചതിൽ അഴിമതിയെന്ന് ആരോപണം. 35 ലക്ഷം മുടക്കി കുളത്തൂർ കോലത്തുകര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയമാണ് വിവാദത്തിലായത്. ആരോപണം ഉയർന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കടകംപള്ളി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് കത്തു നൽകി. നിർമാണത്തിൽ ക്രമക്കേട് നടന്നോ എന്ന സംശയമുണ്ടെന്ന് സ്ഥലത്തെ സിപിഎം കൗൺസിലറും മനോരമ ന്യൂസിനോട് പ്രതികരിച്ചു.

 700 സ്ക്വയർഫീറ്റ് ഓപ്പൺ സ്റ്റേജും ശുചിമുറി സൗകര്യമുള്ള രണ്ട് ഗ്രീൻ റൂമുകളുമാണ്  വിവാദ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനുള്ളത്.  35 ലക്ഷം മുടക്കി നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തെന്ന മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെ നാട്ടുകാർ പൊങ്കാലയിട്ടു. സ്റ്റേജിന്റെ മേൽക്കൂര ഷീറ്റ് കൊണ്ടാണ്. 

ഉദ്ഘാടന ദിവസം മന്ത്രി തന്നെ ഈ സംശയം തന്നോട് പറഞ്ഞെന്ന് സി പി എം കാരനായ വാർഡ് കൗൺസിലർ പ്രതികരിച്ചു. വിവാദം മൂത്തതോടെ മന്ത്രി തന്നെ ഫെയ്സ് ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തി. പൊതുമരാമത്ത് വകുപ്പാണ് നിർമാണം നടത്തിയതെന്നും ഉദ്യാഗസ്ഥരോട് വിശദീകരണം തേടിയെന്നും മന്ത്രി പ്രതികരിച്ചു. അനുവദിച്ച പണം ഓഡിറ്റോറിയം നിർമാണത്തിന് തികയാത്തതിനാലാണ് ഓപ്പൺ സ്റ്റേജ് നിർമിച്ചതെന്നും ഇതുവരെ പണം കിട്ടിയിട്ടില്ലെന്നും കരാറുകാരൻ പറയുന്നു.