പിഴത്തുക ആരിഫ് എംപി അടയ്ക്കും; ജോഷിക്ക് പുറത്തേക്കുള്ള വഴി തെളിയുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് എ.എം ആരിഫ് എംപിയുടെ പ്രചാരണ ഓഫീസ് കത്തിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ജോഷിക്ക് ഒടുവിൽ പുറത്തേക്കുള്ള വഴി തെളിയുന്നു. മറ്റൊരു കേസിൽ ജോഷിക്ക് ഒടുക്കാനുള്ള പിഴത്തുക താൻ അടയ്ക്കാമെന്ന് ആരിഫ് എംപി അറിയിച്ചതോടെയാണ് ജയിൽ മോചനത്തിനുള്ള നടപടികൾ തുടങ്ങിയത്. 519 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് പ്രചാരണ ഓഫീസ് കത്തിച്ച കേസിൽ ജോഷി നിരപരാധിയാണെന്ന് കോടതി വിധിച്ചത്. കോടതി വിധി പുറത്ത് വന്നെങ്കിലും പിഴയൊടുക്കാനുള്ളതിനെ തുടർന്ന് ജോഷിക്ക് പുറത്തിറങ്ങാനായില്ല. 

ജോഷിയോട് വ്യക്തിപരമായി യാതൊരു വിയോജിപ്പും ഇല്ലെന്നും വിടുതലിനായി ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ താൻ സന്നദ്ധനാണെന്നും എംപി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

'എന്റെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ,LDF ന്റെ പ്രചാരണ ഓഫീസ് കത്തിച്ചതിനു മണ്ണഞ്ചേരിയിലെ ജോഷി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹം കുറ്റക്കാരൻ അല്ല എന്ന് കണ്ടു കോടതി വെറുതെ വിട്ടിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് പക്ഷെ പുറത്തിറങ്ങാൻ ആകാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മറ്റു രണ്ടു കേസുകൾ കൂടി ഇദ്ദേഹത്തിന് ഉണ്ടെന്നും അതിൽ ഒരു കേസിൽ പിഴ അടയ്ക്കാൻ ഉണ്ടെന്നുമാണ് ജയിൽ അധികൃതർ അറിയിക്കുന്നത്.

രാഷ്ട്രീയ വിയോജിപ്പ് അല്ലാതെ,അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു വിദ്വേഷവും ഇല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിടുതലുമായി ബന്ധപ്പെട്ടു ചെയ്യുവാൻ സാധിക്കുന്ന എന്തും ചെയ്യാൻ സന്നദ്ധനാണ്. ബാക്കിയുള്ള രണ്ടു കേസുകളിൽ ഒന്നിൽ അദ്ദേഹത്തിന് അടയ്ക്കുവാനുള്ള പിഴത്തുക അടയ്ക്കാം എന്ന് അറിയിച്ചിട്ടുണ്ട്. പിഴ തുക അടച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന് ജയിലിൽ നിന്നും പുറത്തു എത്തുവാൻ സാധിക്കും. അതിനു വേണ്ടിയുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.'  നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആണ് ജോഷി.