ശ്വാസം വിടാൻ പോലും സ്ഥലമില്ല; പാർലമെന്റ് തുടരുന്നതിൽ ആശങ്ക; ആരിഫ് എംപി

അകലം പാലിക്കാൻ രാജ്യത്തോട് മുഴുവൻ പറയുമ്പോഴും പാർലമെന്റിൽ സമ്മേളനം തുടരുന്നതിൽ ആശങ്കയുണ്ടെന്ന് എ.എം.ആരിഫ് എം.പി. അഞ്ഞൂറിലേറെ പേർ ശ്വാസം വിടാൻ കൂടി സ്ഥലമില്ലാത്ത രീതിയിൽ അട്ടിയിട്ട പോലെയാണ് സഭയ്ക്കുള്ളില്‍ ഇരിക്കുന്നത്. മാതൃക കാട്ടേണ്ട നമ്മൾ വിപരീതമായി ചെയ്യുന്നുവെന്ന തോന്നലുണ്ടാകുന്നുവെന്നും അദ്ദേഹം പറയുന്നു. 

പാർലമെന്റിന്റെ ഇടനാഴികളിലൊക്കെ ഹാൻഡ് സാനിറ്റൈസർ വച്ചിട്ടുണ്ട്. എംപിമാർ ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ആരും മാസ്ക് ഉപയോഗിച്ച് കാണാറില്ല. ഈ അവസ്ഥയിലും സമ്മേളനം തുടരുന്നതിൽ പ്രതിപക്ഷത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി. പാർലമെന്റിനുള്ളിൽ അടുത്തത്തടുത്തിരിക്കുന്നത് കൊണ്ടാണ് ആശങ്ക. പിമ്പിരിയെടുത്ത് നടക്കുന്നയാളെന്നാണ് എന്റെ ഭാര്യ എന്നെ കുറിച്ച് പറയുന്നത്. ആ പിമ്പിരിയൊക്കെ ഒഴിവാക്കി, അനുസരണയോടെ ഒരു സ്ഥലത്ത് ഇരിക്കുകയാണിപ്പോൾ. ഇതും രാജ്യത്തിന് ഒരു സന്ദേശമാണ് നൽകുന്നത്. ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുഷ്യന്ത് സിങിന് നെഗറ്റീവാണെങ്കിലും പാർട്ടിയിൽ പങ്കെടുത്ത മറ്റംഗങ്ങളുണ്ട്. അവരുടെ സ്ഥിതി എന്താണെന്ന് അറിയില്ല. നാട്ടിലേക്ക് ടിക്കറ്റെടുത്തിരുന്നുവെങ്കിലും തിരികെ വരാനുള്ള പ്രശ്നം ഓർത്ത് റദ്ദാക്കുകയായിരുന്നു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു പൊരുത്തക്കേട് പാർലമെന്റിലുണ്ടെന്നും ഇത് വേഗത്തിൽ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ കാണാം.

കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം വിരുന്നിൽ പങ്കെടുത്തതോടെയാണ് ബിജെപി എംപി ദുഷ്യന്ത് സിങും അമ്മ വസുന്ധര രാജെയും നിരീക്ഷണത്തിലായത്. ഇരുവരും പരിശോധനയിൽ നെഗറ്റീവാകുകയും ചെയ്തിരുന്നു. മാർച്ച് 15 നായിരുന്നു പ്രമുഖർ കനികയ്ക്കൊപ്പം ലക്നൊവിൽ നടന്ന വിരുന്നിൽ പങ്കെടുത്തത്. ഇതിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ ദുഷ്യന്ത് സിങ്  പാർലമെന്റ് സമ്മേളനത്തിലും രാഷ്ട്രപതിയുടെ വിരുന്നിലും പങ്കെടുത്തു. 

ഇതോടെ എല്ലാവരും ആശങ്കയിലാവുകയായിരുന്നു. ദുഷ്യന്തുമായി സമ്പർക്കം പുലർത്തിയ ഡെറിക് ഒബ്രിയൻ, ദീപീന്ദർ ഹൂഡ എന്നിവരും വീടുകളിൽ നിരീക്ഷണത്തിലാണ്.

MORE IN KERALA