തിങ്ങിനിറഞ്ഞ മെമുവില്‍ ആലപ്പുഴ എംപി; യാത്രദുരിതമറിഞ്ഞ് ഒരു യാത്ര

കായംകുളം എറണാകുളം തീരപാതയിലെ യാത്രാദുരിതമറിഞ്ഞ് ആലപ്പുഴ എംപിയുടെ ട്രയിന്‍ യാത്ര. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്കാണ് എ.എം.ആരിഫ് എംപി മെമു ട്രയിനില്‍ യാത്ര ചെയ്തത് . പന്ത്രണ്ട് റേക്കുളള മെമുവിന് പകരം പതിനാറ് കോച്ചുളള പാസഞ്ചര്‍ ട്രയിന്‍ പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പ് റെയില്‍വെ അധികൃതര്‍ എംപിക്ക് നല്‍കി.

പാസഞ്ചര്‍ ട്രയിന്‍ മെമുവാക്കിയതിനു ശേഷം തീരപാതയിലെ പതിവ് യാത്രക്കാര്‍ നേരിടുന്ന  ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാനാണ് എ.എം.ആരിഫ് ആലപ്പുഴയില്‍ നിന്ന് വണ്ടി കയറിയത് . തിങ്ങിനിറഞ്ഞ മെമുവില്‍, നിന്നായിരുന്നു  എംപിയുടെയും യാത്ര.  മൂവായിരത്തോളം പതിവ് യാത്രക്കാരെ പൂര്‍ണമായും ഉള്‍ക്കൊളളാന്‍ പാകത്തില്‍ ട്രയിന്‍ സര്‍വീസ് പുനക്രമീകരിക്കണമെന്ന ആവശ്യം ജനങ്ങള്‍ എംപിക്കു മുന്നില്‍ ഉയര്‍ത്തി.

പ്രശ്ന പരിഹാരത്തിന് ശ്രമമുണ്ടാകുമെന്ന്  എംപിയുടെ ഉറപ്പ് തുടര്‍ന്ന് എറണാകുളത്തെത്തിയ എംപി റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മെമു റേക്കുകളുടെ എണ്ണം പതിനാറാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് റെയില്‍വെ അധികൃതര്‍ എംപിയെ അറിയിച്ചു. തുടര്‍ന്നാണ് പതിനാറ് കോച്ചുളള പാസഞ്ചര്‍ ട്രയിന്‍ തന്നെ വീണ്ടും തീരപാതയില്‍ കൊണ്ടുവരുന്നതിന്‍റെ സാധ്യതകള്‍ തേടാമെന്ന ഉറപ്പ് നല്‍കിയത് . പാസഞ്ചര്‍ ട്രയിന്‍ തിരികെ കൊണ്ടുവരുമ്പോള്‍ ട്രയിന്‍ സമയക്ലിപ്തത ഉറപ്പുവരുത്തണമെന്ന ആവശ്യവും എംപി റെയില്‍െവ അധികൃതര്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്.