വായിച്ച് വളരാൻ 'ട്യൂൺ വിത്ത് കുട്ടി ന്യൂസ്'; റേഡിയോ ക്ലബ്ബുമായി കുട്ടികൾ

കുട്ടികള്‍ക്കിടയിലെ വായനാശീലം വളര്‍ത്താന്‍ കുട്ടികള്‍ നേതൃത്വം നല്‍കുന്ന റേഡിയോ ക്ലബും റേഡിയോ ചാനലും പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് ആയന്നൂരിലാണ് ‘ട്യൂണ്‍ വിത്ത് കുട്ടി ന്യൂസ്’ എന്ന പേരില്‍ റേഡിയോ ക്ലബ് ആരംഭിച്ചത്. 

നാലാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന 25 കുട്ടികളാണ് റേഡിയോ ക്ലബിലുള്ളത്. വാര്‍ത്തകള്‍ കണ്ടെത്തുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം ഇവര്‍ തന്നെ. ആയന്നൂര്‍ യുവശക്തി പബ്ലിക് ലൈബ്രറിയോട് ചേര്‍ന്നാണ് റേഡിയോ ക്ലബ് രൂപീകരിച്ചത്. വാര്‍ത്താ ശേഖരണത്തിനും അവതരണത്തിനുമെല്ലാം ലൈബ്രറിയിലെ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. കുട്ടികളിലെ വായനാശീലം വളര്‍ത്തുകയും വിലയിരുത്തുകയുമാണ് ക്ലബ് ലക്ഷ്യമിടുന്നത്.

ആഴ്ചയില്‍ മൂന്നുദിവസമാണ് വാര്‍ത്താ പ്രക്ഷേപണം ഉണ്ടാവുക. പ്രാദേശിക വാര്‍ത്തകള്‍ക്ക് പുറമെ കൃഷി, സാംസ്കാരികം, കലാ വാര്‍ത്തകള്‍ എന്നിവയും റേഡിയോയില്‍ ഉള്‍പ്പെടുത്തും.