ചിന്നം വിളിച്ച് കാട്ടാനക്കൂട്ടം മുന്നിൽ; കർഷകൻ രക്ഷപെട്ടത് കട്ടിലിനടിയിൽ ഒളിച്ച്

ഫയൽ ചിത്രം

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് കർഷകൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. വട്ടവട സ്വദേശി ജയിംസിനെയാണ് കാട്ടാനകൾ ആക്രമിച്ചത്. വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ് ചികിൽസയിലാണ് ജയിംസ്. വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കൃഷിസ്ഥലത്തെ ഷെഡിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കാതിരിക്കാൻ കാവലിരിക്കുകയായിരുന്നു ജയിംസ്. 

രാത്രി രണ്ടുമണിയോടെ കാട്ടാനക്കൂട്ടം എത്തിയെന്നും മുന്നിൽ നിന്ന് ചിന്നം വിളിക്കുന്നത് കണ്ട് ഭയന്നുവെന്നും ജയിംസ് പറയുന്നു. ഓടാൻ ശ്രമിച്ചുവെങ്കിലും സാധിക്കാതിരുന്നതിനെ തുടർന്ന് കോട്ട് ഊരിയെറിഞ്ഞ് കട്ടിലിനടിയിലേക്ക് ഒളിക്കുകയായിരുന്നു ജയിംസ്. മണിക്കൂറുകളോളമാണ് ഇയാൾ ഒളിച്ചിരുന്നത്. നാട്ടുകാരെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ജയിംസ്. 

പതിവുപോലെ ജയിംസ് തിരിച്ചുവരാതിരുന്നതോടെ പുലർച്ചെ അയൽവാസികളെയും കൂട്ടി ഭാര്യ ചന്ദ്രമേഖല കൃഷിയിടത്തിൽ എത്തിയപ്പോഴാണ് തകർന്നുകിടക്കുന്ന ഷെഡും കാട്ടാനകളെയും കണ്ടത്.  എല്ലാവരും ചേർന്ന് ശബ്ദം ഉണ്ടാക്കി ആനകളെ അകറ്റി.  കട്ടിലിന്റെ അടിയിൽ നിന്ന് ജയിംസിനെ പുറത്തെടുത്ത് വട്ടവട പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മൂന്നാർ ടാറ്റാ ആശുപത്രിയിലേക്കു മാറ്റി.