വെളളത്തിലും കരയിലും യാത്ര ചെയ്യാവുന്ന സോളര്‍ ബോട്ട്; ഷംസുവിന്റെ കുഞ്ഞു ബോട്ട്

വെളളത്തിലും കരയിലും യാത്ര ചെയ്യാവുന്ന സോളര്‍ ബോട്ട്. മലപ്പുറം പട്ടര്‍കടവിലെ ഇലക്ട്രീഷനായ സി.പി. ഷംസുവാണ് ബോട്ടിനു പിന്നില്‍. കടലുണ്ടിപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ സജ്ജമായിക്കിടക്കുന്ന ഷംസുവിന്റെ കുഞ്ഞു ബോട്ട്.

കഴിഞ്ഞ രണ്ടു പ്രളയത്തിലും മലപ്പുറം ടൗണിലും പരിസരങ്ങളിലുമെല്ലാം കടലുണ്ടിപ്പുഴ നിറഞ്ഞ് വെളളം കയറിയതോടെയാണ് വെളളത്തിലും കരയിലും ഒാടിക്കാവുന്ന ബോട്ടിനെക്കുറിച്ച് ഷംസു ആലോചിക്കുന്നത്. കടലുണ്ടിപ്പുഴയില്‍ നിന്ന് വെളളം ജനവാസ കേന്ദ്രത്തിലേക്കും ടൗണിലേക്കും കയറുബോള്‍ രോഗികളെ കൊണ്ടുപോകാനും അത്യാവശ്യ സാധനങ്ങള്‍ മാറ്റാനുമെല്ലാമുളള പ്രയാസം കണക്കിലെടുത്താണ് കണ്ടുപിടുത്തം. ബോട്ടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലില്‍ നിന്നുളള ഊര്‍ജംകൊണ്ടാണ് ബോട്ട് ഒാടുന്നത്. കരയില്‍ ഒാടാന്‍ ടയറുകളും ഘടിപ്പിച്ചിട്ടുണ്ട്. 

ഇലക്ട്രീഷ്യനായും പ്ലംബറായും പ്രവര്‍ത്തിക്കുന്ന ജനകീയനായ ഷംസു ബോട്ട് നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ പിന്തുണയുമായി നാട്ടുകാരെല്ലാമെത്തി. പത്താംക്ലാസ് വിദ്യാഭ്യാസമുളള ഷംസുവിന്റേതായി  ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ വേറേയുമുണ്ട്. അലുമിനിയംകൊണ്ടുളള സ്പീഡ് ബോട്ടും വേഗത്തില്‍ കൂവ അരച്ചെടുക്കാവുന്ന യന്ത്രവുമെല്ലാം ഷംസു നേരത്തെ നിര്‍മിച്ചിരുന്നു.