പിഴലപാലം കരതൊട്ടു, വാഗ്ദാനം പാലിച്ചു, പക്ഷെ...; ദ്വീപ് നിവാസികളെ പറ്റിച്ച് അധികൃതർ

വാഗ്ദാനം പാലിച്ച് ജനങ്ങളെ പറ്റിക്കാന്‍ കഴിയുമോ? കഴിയുമെന്ന് കൊച്ചി പിഴല ദ്വീപ് വികസന അതോറിറ്റി തെളിയിച്ചു. ദ്വീപിലേക്ക് രണ്ടുവരി ഗതാഗതത്തിനുള്ള പാലം നിര്‍മിച്ചെങ്കിലും പാലത്തില്‍ കയറാനുള്ള റോഡിന് നടപ്പാതയുടെ വീതി മാത്രം. അപ്രോച്ച് റോഡ് എന്നുവരുമെന്ന് പഞ്ചായത്തിനും ഉറപ്പില്ല.

ഇതാണ് ആ പാലം .ദേശീയപാതയെ വെല്ലും. കണ്ടെയ്നര്‍ റോഡില്‍ നിന്ന് കയറുമ്പോള്‍, നൂറുകിലോമീറ്റര്‍ വേഗത്തില്‍ പായാം. പക്ഷേ ദ്വീപിലേക്കെത്തിയാല്‍ ഒരു സൈക്കിള്‍ വാടകയ്ക്കെടുക്കുന്നതായിരിക്കും ഉചിതം .അല്ലെങ്കില്‍ നടന്നങ്ങ് പോകാം.  ജൂണ്‍ 22ന് മുഖ്യമന്ത്രി ഒാണ്‍ലൈനായാണ് പാലം തുറന്നത് . നേരിട്ടെത്തിയിരുന്നെങ്കില്‍ പൊരിവെയിലത്ത് നടന്നു തന്നെ ദ്വീപിലെത്തേണ്ടിവന്നേനെ . പാലമായിരുന്നു  വാഗ്ദാനം അതു നിറവേറ്റിയെന്നാണ് ദ്വീപ് വികസന അതോറിറ്റിയുടെ നിലപാട് . പഞ്ചായത്ത് സ്ഥലമേറ്റെടുത്താല്‍ റോഡ് പണിയാം .പക്ഷേ എന്ന് എപ്പോള്‍ ഒരുറപ്പുമില്ല 

2013ല്‍ പണിതുടങ്ങിയപ്പോള്‍ മുതല്‍ പിഴലപ്പാലത്തിന് ശകുനപ്പിഴയാണ് . പണിപകുതിയായപ്പോള്‍ തൂണുകള്‍ ഇടിഞ്ഞു . പണി നിന്നും . നാട്ടുകാരുടെ നിരന്തര പ്രതിഷധത്തിനൊടുവില്‍ വീണ്ടും നിര്‍മാണം തുടങ്ങി ഈ വര്‍ഷം പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തു. ഇപ്പോള്‍ പാലം ഇറങ്ങി കഴിഞ്ഞാല്‍ സര്‍ക്കസ് നടത്തി അതിസാഹസികമായാണ് ദ്വീപ് വാസികളുടെ യാത്ര ഭൂവുടമകള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറാണ് .ഏറ്റെടുക്കാന്‍ പഞ്ചയത്ത് തയാറായാല്‍ മതി . നടപടികള്‍ നടക്കുന്നുണ്ടെന്ന് മാത്രമാണ് ഇതുസംബന്ധിച്ച് അധികൃതരുടെ വിശദീകരണം