കോവിഡ് ദുരിതാശ്വാസ നിധി ത‌ട്ടിയെടുത്തിട്ടില്ല; പരാതി വ്യാജമെന്ന് സഹകരണബാങ്ക്

കോവിഡ് ദുരിതാശ്വാസ നിധി തട്ടിയെടുത്തെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കോട്ടയം മാങ്ങാനം സര്‍വീസ് സഹകരണ ബാങ്കിന്‍റെ വിശദീകരണം. വിവരാവകാശ രേഖയില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബാങ്ക് പ്രതിനിധികള്‍ 640 പേര്‍ക്കാണ് പണം കൈമാറിയതെന്ന് വ്യക്തമാക്കി.  <സ്ഥലം മാറി പോയവരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്കുമാണ് പണം നല്‍കാതിരുന്നതെന്നും വിശദീകരണം. 

വിജയപുരം പഞ്ചായത്തില്‍ കോവിഡ് ദുരിതാശ്വാസ നിധിയായ ആയിരം രൂപ കൈപ്പറ്റിയ 820 പേരുടെ പട്ടികയാണ് സഹകരണസംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ വിവരാവകാശ രേഖയായി നല്‍കിയത്. മാങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് വഴിയാണ് പണം വിതരണം ചെയ്തത്. ഈ ലിസ്റ്റ് പ്രകാരം മരിച്ചവര്‍ക്കുള്‍പ്പെടെ പണം വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല ലിസ്റ്റില്‍ ഉള്‍പ്പെട്ട പലര്‍ക്കും പണം ലഭിച്ചിട്ടുമില്ല.  സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ അപാകതയുണ്ടെന്ന് ബാങ്ക് പ്രതിനിധകള്‍ ചൂണ്ടിക്കാട്ടുന്നു. പണം നല്‍കിയ 640 പേരുടെ പട്ടികയാണ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്ക് ബാങ്ക് കൈമാറിയത്. 180 പേരുടെ പണം ജൂണ്‍ 26ന് ട്രഷറിയിലും തിരിച്ചടച്ചു. പണം കൈപ്പറ്റിയവരില്‍ നിന്ന് സത്യവാങ്മൂലവും ബാങ്ക് അധികൃതര്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. 

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബാങ്ക് അധികൃതര്‍ ആരോപിക്കുന്നു. എന്നാല്‍ സ്ഥലത്തുള്ളവര്‍ക്കും പണംനല്‍കിയിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുകയാണ്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സഹകരണസംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ വ്യക്തമാക്കി.