30 അടി താഴ്ച; 10 അടിയോളം വെള്ളം; കിണറ്റിൽ വീണ 82കാരന് അദ്ഭുതരക്ഷ

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ 82 വയസുകാരനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊല്ലം കുണ്ടറ ഫയർ ആന്റ് റെസ്ക്യൂ സേനയാണ് കച്ചേരിമുക്കിന് സമീപം താമസിക്കുന്ന നാരായണപിള്ളയെ രക്ഷപ്പെടുത്തിയത്. വെള്ളം കോരുന്നതിനിടെ കാൽവഴുതി ഇയാൾ കിണറ്റിൽ വീഴുകയായിരുന്നു. അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ മിഥിലേഷ്. എം. കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

നിസാര പരുക്കുകൾ ഉള്ള നാരായണപിള്ളയെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.  30 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ 10 അടിയോളം വെള്ളം ഉണ്ടായിരുന്നു.  കുണ്ടറ ഫയർ ആന്റ് റെസ്ക്യൂ  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി.എൽ രാജേഷ്, അജീഷ് കുമാർ, സുജിത്ത് കുമാർ, എബിൻ, അശോകൻ, മണികണ്ഠൻ പിള്ള എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.