അടിച്ചു മോനേ....തിരുവോണം ബംപർ ഭാഗ്യവാൻ ഇടുക്കിക്കാരൻ

തിരുവോണം ബംപർ 12 കോടി സ്വന്തമാക്കിയ ഭാഗ്യവാനായുള്ള കാത്തിരിപ്പ് അവസാനിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയനെയാണ് ഭാഗ്യം തുണച്ചത്. അയ്യപ്പൻ കാവിലെ വിഘ്നേശ്വര ലോട്ടറി ഏജൻസീസ് വഴി വിറ്റഴിച്ച ടിബി 173964 നമ്പർ ടിക്കറ്റിനാണു ബംപറടിച്ചത്. 12 കോടി രൂപയിൽ 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക.

‘രാവിലെ ഒന്നാം സമ്മാനം എനിക്കാണെന്നു ഞാൻ തമാശയ്ക്കു കൂട്ടുകാരോടു പറഞ്ഞിരുന്നു. ഫലം വന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി.’ – അനന്തു മനോരമയോടു പറഞ്ഞു. ‘പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥ വഴി ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു.’ എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിനു ജോലി. കണ്ണൂർ പെരളശേരിക്കാരനായ എൻ.അജേഷ് കുമാറാണ് വിഘ്നേശ്വര ഏജൻസീസ് ഉടമ.

ലോട്ടറി വിൽപനയ്ക്കിറങ്ങി കാൽ നൂറ്റാണ്ടിനിടെ പലപ്പോഴും ഒരു കോടിയും 70 ലക്ഷവുമെല്ലാം അടിച്ചിട്ടുണ്ടെങ്കിലും ബംപർ നേട്ടം ആദ്യം. വാവോട് കണ്ണോത്ത് കുഞ്ഞപ്പനായരുടെ മകനായ അജേഷ് 25 വർഷം മുൻപാണു കൊച്ചിയിലെത്തിയത്. വിഘ്നേശ്വര ഏജൻസി തുറന്നിട്ട് 15 വർഷം. കടവന്ത്ര കെ.പി.വള്ളോൻ റോഡിൽ തട്ടിൽ ലോട്ടറി നിരത്തി വിൽപന നടത്തുന്ന തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി അഴകച്ചാമി അജേഷിൽ നിന്നു വാങ്ങിക്കൊണ്ടുപോയ 10 ടിക്കറ്റുകളിൽ ഒന്നിനാണു 12 കോടി രൂപ അടിച്ചത്.

തിരുവോണം ബംപറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേർക്കു ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിൻകര), ടിബി 474761 (പയ്യന്നൂർ), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കു ലഭിക്കും. കോവിഡ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബംപർ ടിക്കറ്റ് വിൽപനയിലൂടെ ഇത്തവണ വൻ നേട്ടമാണുണ്ടായത്.