പുഴകളിലും ആറുകളിലും ജലനിരപ്പ് ഉയരുന്നു; മധ്യകേരളത്തിൽ ജാഗ്രത

കനത്ത മഴയിൽ പുഴകളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നതോടെ മധ്യകേരളത്തിലും ജാഗ്രത നിർദേശം. ആലുവയ്ക്കടുത്ത് എടത്തലയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ഇടുക്കി കുഞ്ചിത്തണ്ണിയിൽ മലവെള്ളപാച്ചിലിൽ പാലത്തിനടിയിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാ രക്ഷപ്പെടുത്തി. 

റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ ഉടനീളം മഴ ശക്തമാണ്. പുഴകളിലും ആറുകളിലും ജലനിരപ്പ് കുതിച്ചുയർന്നു. കുഞ്ചിത്തണ്ണിയാറിൽ ജലനിരപ്പ് ഉയർന്നതോടെയാണ് രാത്രി പാലത്തിന്‍റെ ഭിത്തിയില്‍ കിടന്നുറങ്ങിയ ബൈസണ്‍വാലി സ്വദേശി  ബേബിച്ചൻ കുടുങ്ങിയത്. നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ ബേബിച്ചനെ കരയ്ക്കെത്തിച്ചു.

ജലനിരപ്പ് ഉയർന്നതോടെ മലങ്കര, കുണ്ടള, പാംബ്ലാ അണക്കെട്ടുകൾ തുറന്നു. ഇടുക്കി അണക്കെട്ടിൻ്റെ 80 ശതമാനവും വെള്ളം നിറഞ്ഞു. ആലുവ എടത്തലയിൽ രാവിലെ എട്ടുമണിക്കാണ് കാറ്റ് നാശം വിതച്ചത്. റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു. 

കോട്ടയം ജില്ലയിൽ മലയോര മേഖലയിൽ ശക്തമായ മഴയാണ്. മീനച്ചിൽ മണിമാല മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് അപകട പരിധിക്ക് തൊട്ടടുത്തെത്തി. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കിഴക്കൻ വെള്ളത്തിൻ്റെ  ഒഴുക്ക് വർധിച്ചാൽ കുട്ടനാട്ടിലും സ്ഥിതി സങ്കീർണമാക്കും. തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയരും. തിരുവനന്തപുരത്തെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകളും പത്ത് സെൻ്റീമീറ്റർ വീതം തുറന്നു.