ഹെൽമറ്റില്ല, നമ്പർ പ്ലേറ്റിനു പകരം അശ്ലീല വാക്ക്: യുവാവിന് വൻ പിഴ

കാക്കനാട്: കൂട്ടുകാരന്റെ ബൈക്കുമെടുത്തു ചുമ്മാ കറങ്ങാനിറങ്ങിയ യുവാവ് ചെന്നു പെട്ടതു മോട്ടർ വാഹന വകുപ്പിനു മുന്നിൽ. കണ്ടെത്തിയത് 7 കുറ്റങ്ങൾ. ചുമത്തിയ പിഴ 18,750 രൂപ. ബൈക്ക് കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറുകയും ചെയ്തു. കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപം ഇന്നലെ രാവിലെയാണ് ബൈക്കിലെത്തിയ യുവാവിനെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സി.ഡി.അരുൺ തടഞ്ഞത്.

ഹെൽമറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയിൽ നിയമ ലംഘനത്തിന്റെ പരമ്പര തന്നെ കണ്ടെത്തി. ബൈക്കിന്റെ പിൻഭാഗത്തു നമ്പർ പ്ലേറ്റിനു പകരം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിരുന്നതു അശ്ലീല വാക്ക്. തൃക്കാക്കര പൊലീസ് സ്റ്റേഷനു സമീപത്തെ വില്ലയിൽ താമസക്കാരനാണ് യുവാവ്.

മൂവാറ്റുപുഴക്കാരനായ സുഹൃത്തിന്റേതാണ് ബൈക്ക്. ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ, സൈലൻസർ രൂപമാറ്റം വരുത്തിയതിനു 5,000 രൂപ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു ഉടമയ്ക്ക് പിഴ 5,000 രൂപ, ഹെൽമറ്റ് ധരിക്കാതിരുന്നതിനു 500 രൂപ, ബൈക്കിൽ കണ്ണാടി ഇല്ലാതിരുന്നതിനു 250 രൂപ എന്നിങ്ങനെ പിഴ ചുമത്തിയാണ് കുറ്റപത്രം. 

ബൈക്കിനു പിന്നിൽ അശ്ലീല വാക്ക് എഴുതി വച്ചതിനു പിഴയില്ലെങ്കിലും രക്ഷിതാക്കളോടു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ബൈക്കുകളിൽ പലവിധ കലാവിരുതുകൾ പ്രദർശിപ്പിക്കുന്നതു കണ്ടിട്ടുണ്ടൈങ്കിലും അശ്ലീല പദം എഴുതി ചുറ്റാനിറങ്ങുന്നതു അപൂർവ സംഭവമാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ നിയമ വിരുദ്ധമായി രൂപമാറ്റം നടത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്.