പ്രമുഖ ആയുർവേദ ആചാര്യൻ പത്മശ്രീ പിആർ കൃഷ്ണകുമാർ അന്തരിച്ചു

ആയുർവേദ ആചാര്യനും കോയമ്പത്തൂർ  ആര്യവൈദ്യ ഫാർമസി എം. ഡിയുമായ പത്മശ്രീ പി.ആർ.കൃഷ്ണകുമാർ  അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ  തുടർന്ന് ചികില്‍സയിലിരിക്കെയാണ് അന്ത്യം.  രാവിലെ  എട്ടരയ്ക്ക് കോയമ്പത്തൂര്‍ നഞ്ചുണ്ടപുരം റോഡ് ഇഷ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം. 

പാലക്കാട്ടുകാരനായ പി.വി. രാമവാര്യർ കോയമ്പത്തൂരിലെ രാമനാഥപുരത്ത് തുടങ്ങിയ  ആര്യവൈദ്യ ഫാർമസിയെ  ലോകത്തിലെ എണ്ണം പറഞ്ഞ ആയുർവേദ ഗവേഷണ കേന്ദ്രമാക്കി മാറ്റിയ ചാലക ശക്തിയായിരുന്നു പത്മശ്രീ പി.ആർ.കൃഷ്ണകുമാർ. ഷൊർണുരിലാണ് ജനനം. ആയുർവേദ കോളേജിൽ  നിന്ന്  ബിരുദം. പിന്നെ, ആയുർവേദ പ്രചാരണത്തിനും ശാസ്ത്രീയവൽക്കരിക്കുന്നതിനുമായി ജീവിതം മാറ്റിവച്ചു. 1971-ൽ ആമവാത ചികിൽസയിൽ ലോകാരോഗ്യ  സംഘടനയുടെയും  ഐ സി  എം  ആറിന്റെയും സഹായത്തോടെ ആദ്യമായിട്ട്  ആയുർവേദത്തിൽ  ക്ലിനിക്കൽ റിസർച്ച്  നടത്തി  ചരിത്രംകുറിച്ചു.  

ഔഷധ ഗവേഷണം, ആയുർവേദ ഡോക്‌ടർമാർക്ക് തുടർ പരിശീലനം എന്നീ ലക്ഷ്യത്തോടെ കൃഷ്‌ണകുമാർ സ്‌ഥാപിച്ച എവിടി ഇൻസ്‌റ്റിറ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് റിസർച്ച്  ഈ മേഖലയിലെ  പ്രമുഖ  സ്ഥാപനമാണ്. 2003ൽ ക്ലിനിക്കൽ ഡോക്യുമെന്റേഷൻ പ്രോഗ്രാമായ  ‘രൂദ്ര’യ്‌ക്ക് തുടക്കം കുറിച്ചു. 1981ൽ തുടങ്ങിയ  ഇംഗ്ലിഷ് റിസർച്ച് ജേർണൽ ഏൻഷ്യന്റ് സയൻസ് ഓഫ് ലൈഫ്  ആയുർവേദത്തിന്  ആഗോള  അംഗീകാരം  നേടുന്നതിൽ  നിർണായകമായി.  ആര്യവൈദ്യ ഫാർമസിയുടെ ഏഴര വർഷം ദൈർഘ്യമുള്ള സൗജന്യ ആയുർവേദ പഠന പരിപാടി തുടങ്ങിയത് കൃഷ്ണകുമാറിന്റെ  മേൽനോട്ടത്തിലായിരുന്നു. 2009ൽ രാജ്യം, പത്മശ്രീ നൽകി ആദരിച്ചു.