വള്ളത്തോളിന് ജന്മനാട്ടിൽ സ്മാരകം; കവിയുടെ ഓർമ്മയിൽ നാട്

മഹാകവി വള്ളത്തോളിന് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു. കവിയുടെ ജന്മസ്ഥലമായ മലപ്പുറം ചേന്നരയിലെ പെരുന്തുരുത്തി വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് വള്ളത്തോൾ സ്മാരകം നിർമിക്കുന്നത്. മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരക നിർമാണം.

വള്ളത്തോൾ നാരായണ മേനോൻ എന്ന മലയാളത്തിൻ്റെ മഹാകവിയുടെ ഒട്ടേറെ കവിതകൾ പിറവിയെടുത്തത് ഈ പുഴയോരത്ത് നിന്നാണ്. അതിനാൽ തന്നെ പല കവിതകൾക്കും പ്രകൃതിയുടെ ഗന്ധമുണ്ടായിരുന്നു. വള്ളത്തോളിൻ്റെ കവിതപോലെ  തിരൂർ പൊന്നാനി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന തരത്തിലാണ് പുതിയ സ്മാരകത്തിന്റെയും നിർമാണം. ഇതിനായി മംഗലം പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. സന്നദ്ധസംഘടനകളുടെ സഹകരണത്തോട് കൂടിയാണ് പദ്ധതി പൂർത്തിയാക്കുക. മുട്ടന്നൂർ സ്വദേശി സലാം പൂതേരി സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്. ഓപ്പൺ ലൈബ്രറി, കവിതാ സ്തൂപം, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, കടകൾ എന്നിവ സ്മാരക സ്ഥലത്ത് സ്ഥാപിക്കും.