വാക്കേറ്റവും പോര്‍വിളിയും; മലപ്പുറത്തു സ്റ്റണ്ട് സിനിമ പോലെ വോട്ടർ ഹിയറിങ്

മലപ്പുറം: വാക്കേറ്റവും പോർവിളിയുമായി മലപ്പുറം നഗരസഭയിലെ വോട്ടർ ഹിയറിങ്. ഇരട്ട വോട്ടുകൾ ഇല്ലാതാക്കാനും സ്ഥലത്ത് ഇല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും നടത്തുന്ന ഹിയറിങ് നഗരസഭയിൽ കഴിഞ്ഞദിവസങ്ങളിൽ രൂക്ഷമായ വാക്കേറ്റത്തിലാണ് കലാശിച്ചത്. വാക്കേറ്റം കയ്യേറ്റത്തിൽ എത്തുമെന്ന് കണ്ടതോടെ ഇന്നലെ അധികൃതർക്ക് പൊലീസിനെ വിളിക്കേണ്ടി വന്നു. 2 ദിവസം പൊലീസെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്.

കഴിഞ്ഞ 7ന് ആരംഭിച്ച ഹിയറിങ് ഇതുവരെ 35 വാർഡുകളിൽ പൂർത്തിയായി. ഇനി 5 വാർഡുകളിൽ കൂടി നടക്കാനുണ്ട്. 17ന് അകം ഇതു പൂർത്തിയാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. മലപ്പുറം നഗരസഭയിൽ ആകെ 40 വാർഡുകൾ ആണുള്ളത്. ഒരു ദിവസം ശരാശരി 4 വാർഡുകളിലെ ഹിയറിങ് നടക്കുന്നുണ്ട്. അഭിപ്രായവ്യത്യാസങ്ങളും വാക്കേറ്റവും രൂക്ഷമാകുമ്പോൾ ഇത് ഒന്നോ രണ്ടോ വാർഡുകളിലേത് മാത്രമായി ചുരുങ്ങും.

ചില വാർഡിൽ നൂറിലേറെ പേരെ എങ്കിലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞു പോയവർ, മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയവർ തുടങ്ങിയവരെയാണ് ഒഴിവാക്കുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് ഒഴിവാക്കേണ്ട വോട്ടർമാരുടെ ‌വിവരങ്ങൾ കൈമാറുക. ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി നോട്ടിസ് നൽകിയാണ് ഹിയറിങ്ങിന് ഹാജരാകാൻ നിർദേശിക്കുക.