മാനാഞ്ചിറയിലെ ഓപ്പണ്‍ ജിം പ്രവര്‍ത്തനം തുടങ്ങി; നിർമാണച്ചെലവ് 15 ലക്ഷം

കോഴിക്കോട് മാനാഞ്ചിറയിലെ ഓപ്പണ്‍ ജിം പ്രവര്‍ത്തനം തുടങ്ങി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജിമ്മിന്‍റെ പ്രവര്‍ത്തനം. 15 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ജിമ്മില്‍ പോകാന്‍ കോഴിക്കോട്ടുകാര്‍ക്ക് ഇനി പണംമുടക്കണ്ട. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഒരുക്കിയ ഓപ്പണ്‍ ജിം ഇന്ന് മുതല്‍ ആളുകള്‍ക്ക് സൗജന്യമായി 

ഉപയോഗിക്കാം. മാനാഞ്ചിറയുടെ പ്രകൃതി ഭംഗി നുണഞ്ഞ് ആരോഗ്യം നന്നാക്കാം. 17 ഉപകരണങ്ങളാണ് ഇവിടെയുള്ളത്. കോവിഡില്‍ കുരുങ്ങി ഉദ്ഘാടനം നീണ്ടതോടെ ഉപകരണങ്ങള്‍ ചാക്കിട്ടുമൂടിയാണ് ഇതുവരെ സൂക്ഷിച്ചത്. 15 ലക്ഷം രൂപ ചിലവില്‍ ഷോള്‍ഡര്‍ ബില്‍ഡര്‍, എയര്‍വാക്കര്‍, ഹാന്‍ഡ് പുള്ളര്‍, ഹിപ്പ്  ഷേപ്പര്‍ എന്നിവയടക്കമുള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചത്. 

രാവിലെ ആറ് മുതല്‍ 9 വരെയും വൈകിട്ട് നാല് മുതല്‍ ഏഴുവരെയുമാകും ജിമ്മിന്‍റെ പ്രവര്‍ത്തനം. പരിശീലനത്തിനെത്തുന്നവര്‍ ടവ്വലും സാനിറ്റൈസറും  നിര്‍ബന്ധമായും കൊണ്ടുവരണം. ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.