അടച്ചുറപ്പില്ലാത്ത വീട്, മാനസികവൈകല്യമുള്ള മകൻ; കണ്ണ് നിറയും കാഴ്ച

അടച്ചുറപ്പില്ലാത്ത രണ്ട് മുറി വീട്ടില്‍ മാനസികവൈകല്യമുള്ള മകനെയും ചേര്‍ത്തുപിടിച്ച് കഴിയുകയാണ് കൊച്ചിയിലെ മുന്‍ ബോഡി ബില്‍‍ഡിങ് താരം കെ.ജെ.ജോസഫും ഭാര്യയും. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത വീട് ഏത് നിമിഷവും നിലംപൊത്തിയേക്കാവുന്ന അവസ്ഥയിലാണ്. സമീപവാസികളുടെയും സാമൂഹികസംഘടനകളുടെയും സഹായത്തോടെയാണ് ഇവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. 

നാല്‍പത് വര്‍ഷമായി ഈ കൊച്ചുകൂരയിലാണ് ജോസഫിന്റെയും കുടുംബത്തിന്റെയും താമസം. ശുചിമുറിയോ വെള്ളത്തിന്റെ കണക്ഷനോയില്ല. നാല് ഭാഗവും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഈ ഷെഡ്ഡാണ് മൂന്നംഗകുടുംബത്തിന്റെ ശുചിമുറി. കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു ജോസഫ്. ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് പരുക്കേറ്റതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. 

മാനസികവൈകല്യമുള്ള മകനെ തനിച്ചാക്കി ജോസഫിനോ ഭാര്യയയ്ക്കോ ജോലിക്ക് പോകാനാവില്ല. മകന്റെ സംരക്ഷണം സുരക്ഷിതകരങ്ങളിലേല്‍പ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.  ഇതിനുമപ്പുറം ദൈന്യത പറയാനില്ല. സഹായിക്കണമെന്ന അപേക്ഷയോടെ ഷെര്‍ളി പറഞ്ഞുനിര്‍ത്തി.