നിര്‍മാണം പാതിവഴിയിലാക്കി കെഎസ്ഇബി; കുഴിയില്‍ വീണ് നല്ലളം

വഴിയടച്ചും റോഡ് കുത്തിപ്പൊളിച്ചും നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് കെ.എസ്.ഇ.ബിയുടെ അലംഭാവം. ബൈക്ക് യാത്രികരുള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടും കോഴിക്കോട് നല്ലളം മേലെച്ചിറ റോഡിലെ കുഴിയടയ്ക്കാന്‍ നടപടിയില്ല. ആശുപത്രി അത്യാവശ്യത്തിനുള്‍പ്പെടെ വാഹനം വീടിന് പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 

പൊളിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ റോഡ് പഴയ മട്ടിലാക്കും. ഒരു തരത്തിലും യാത്രാ തടസമുണ്ടാകില്ല. കെ.എസ്.ഇ.ബിയുടെ വാക്ക് വിശ്വസിച്ചവരില്‍ പലരും ഒരുമാസമായി വീട്ടിലിരിപ്പാണ്. ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും വാഹനം പുറത്തിറക്കാനാകുന്നില്ല. ആംബുലന്‍സുള്‍പ്പെടെ എത്തിയാലും ദൂരെ നിര്‍ത്തി ആളെക്കയറ്റി മടങ്ങേണ്ട സ്ഥിതിയാണ്. വെള്ളക്കെട്ട് മീന്‍വളര്‍ത്തല്‍ കേന്ദ്രമായി. ബൈക്ക് യാത്രികരുള്‍പ്പെടെ വീണിട്ടും കുഴി മൂടുന്നത് അനക്കമുണ്ടായില്ല. പണിക്കാരെ കിട്ടാനില്ലെന്നാണ് വിശദീകരണം. 

റയില്‍വേ ട്രാക്ക് മറികടന്ന് ബേപ്പൂര്‍ തുറമുഖത്തേക്ക് കേബിള്‍ എത്തിക്കാനുള്ള പണികളാണ് പുരോഗമിക്കുന്നത്. വിവിധയിടങ്ങളിലായി പണികള്‍ തുടങ്ങിയെങ്കിലും കോവിഡ് പേടിയില്‍ തൊഴിലാളികള്‍ ജോലിക്കെത്തുന്നില്ലെന്ന് കരാറുകാരന്‍ പറയുന്നു. അങ്ങനെയെങ്കില്‍ കുഴി താല്‍ക്കാലികമായി മൂടി 

അപകടം ഒഴിവാക്കുന്നതല്ലേ ഉചിതമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.