'അങ്കെ മണ്ണ് മട്ടും താനിരുക്ക് അക്കാ'; മണ്ണിനടിയിലെ ഉറ്റവരെ തിരഞ്ഞ് നാട്

'അങ്കെ മണ്ണ് മട്ടും താനിരുക്ക് അക്കാ' എന്ന പൊലീസുകാരന്റെ പറച്ചിലിനും ഓടിയലച്ചെത്തിയ തങ്കത്തെ തടുക്കാനായില്ല.ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട ചേച്ചിയെയും പേരക്കുട്ടിയെയും തിരഞ്ഞ് മാധ്യമപ്രവർത്തകരുടെ ജീപ്പിലെത്തിയതായിരുന്നു തങ്കം.

നിസ്സഹായതയോടെ മാത്രമേ പെട്ടിമുടിയിലെ  ദുരന്തം കണ്ട് നിൽക്കാനാകൂവെന്ന് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ പറയുന്നു. രാത്രിയിൽ കിടന്നുറങ്ങിയ ഉറ്റവരെ മലവെള്ളവും മണ്ണിടിച്ചിലും എടുത്തുവെന്ന് വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് മറ്റ് ലയങ്ങളിലുള്ളവർ.

81 പേരാണ് ടാറ്റയുടെ കണക്ക് പ്രകാരം ലയങ്ങളിലുള്ളത്. നൂറുപേരുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. 18 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്. 48 പേർക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി കൂടുതൽ വിദഗ്ധരെയും യന്ത്രങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.