ഉടുത്തൊരുങ്ങി പ്രകൃതി; ഇക്കുറി പക്ഷേ കാഴ്ച്ചക്കാരില്ല: വിഡിയോ

മഴയെത്തിയതോടെ സജീവമായി ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍. കോവിഡ്‌ കാരണം വിനോദസഞ്ചാരത്തിന്‌ നിരോധനം ഏർപ്പെടുത്തിയതിനാല്‍ നിറഞ്ഞുതുളുമ്പുന്ന പ്രകൃതിസൗന്ദര്യത്തിന് കാഴ്ച്ചക്കാരില്ല. ആ ദൃശ്യഭംഗിയിലേയ്ക്ക്. 

ഇടുക്കിയുടെ മഴക്കാലത്തിന്റെ മനോഹരമായ കാഴ്ച്ചകളാണ് വെള്ളച്ചാട്ടങ്ങള്‍. കണ്ണെത്താ ദൂരത്തെ മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന നീർചാലുകൾ. കുറേ നാളായി വരണ്ടുപോയ നീരുറവകള്‍  മഴയുടെ നനവില്‍ വീണ്ടും ഒഴുകിതുടങ്ങി. മലകളുടെ നാടായ ഇടുക്കിയുടെ വെള്ളിയരഞ്ഞാണങ്ങള്‍. 

ചെറുതും വലുതുമായി നൂറോളം വെള്ളച്ചാട്ടങ്ങള്‍ ഇടുക്കിയിലുണ്ട്. സാധാരണ സഞ്ചാരികളുടെ തിരക്കേറെയുണ്ടായിരുന്ന പല വെള്ളച്ചാട്ടങ്ങളും ഇപ്പോള്‍ വിജനമാണ്. വാഗമണ്ണിലേക്ക് പോകുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്  ഈ മാരികുത്ത് വെള്ളച്ചാട്ടം. ഇലവീഴാപൂഞ്ചിറയില്‍ നിന്നും മലനിരകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന എത്തുന്ന വെള്ളം പാറക്കെട്ടുകളിൽ തട്ടി പതഞ്ഞു വീഴുന്നത് മനോഹര കാഴ്ച.

മൂന്നാറിന് പോകുന്നവര്‍ക്ക് വഴിയരുകില്‍ ദൃശ്യഭംഗി സമ്മാനിക്കുന്നത് ചീയപ്പാറ വെള്ളച്ചാട്ടം. മൂന്നാറിലെത്തിയാല്‍ വാനം തുളുമ്പിയപോലെ തൂവാനം വെള്ളച്ചാട്ടം, ലോറേഞ്ചിലെ ജലസുന്ദരികള്‍ ആനയാടിക്കുത്തും, തൊമ്മന്‍കുത്തുമാണ്. മഴ കൂടുതല്‍ ശക്തമായാല്‍ ചില വെള്ളച്ചാട്ടങ്ങളുടെ മട്ടുംഭാവവും മാറും, കലങ്ങിമറിഞ്ഞ് ചിലര്‍ ഭയപ്പെടുത്തും.