തിങ്കളാഴ്ച മുതല്‍ മഴ കനക്കും; 10 ഇടത്ത് യെല്ലോ അലേർട്ട്: ജാഗ്രത

തിങ്കളാഴ്ച മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പരക്കെ മഴകിട്ടുമെങ്കിലും ശക്തമാകാനിടയില്ല. ജില്ലകള്‍ക്ക് നല്‍കിയിരുന്ന ഒാറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. കടലാക്രമണം ശക്തമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. 

  

പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പായ ഒാറഞ്ച് അലേര്‍ട്ട് കാലാവസ്ഥാ കേന്ദ്രം പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് , വയനാട് ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നുമില്ല. അതേസമയം കടലാക്രമണം ശക്തമാണ് മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്തു നിന്ന് ആരും മത്സ്യബന്ധനത്തിന് പോകരുത്. തിങ്കളാഴ്ച മുതല്‍ മഴകനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം കേരളത്തില്‍ ശക്തമായ മഴക്ക് ഇടയാക്കും. ഒാഗസ്റ്റ് ഇരുപത് വരെയെങ്കിലും അതീവ ജാഗ്രതപുലര്‍ത്തണമെന്നാണ് കാവാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. തീവ്രമഴക്കും വെള്ളപ്പൊക്കതിനും സാധ്യതയുള്ളതിനാല്‍ ജില്ലാഭരണകൂടങ്ങളോടും തദ്ദേശസ്ഥാപനങ്ങളോടും അതീവ ശ്രദ്ധ പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങും. മണ്ണിടിച്ചില്‍സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും.

 2018 ലും 2019 ലും ഒാഗസ്റ്റ് 5 മുതല്‍ 20 വരെയുള്ള കാലയളവിലാണ് തീവ്രമഴയും തുടര്‍ന്നുള്ള പ്രളയവും ഉണ്ടായത്. ജൂണ്‍ ആദ്യആഴ്ചക്ക് ശേഷം കാലവര്‍ഷം ശക്തിപ്പെട്ടിരുന്നില്ല. കഴി‍ഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ എറണാകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതീവജാഗ്രത പുലര്‍ത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം.