തെരുവ് ജീവിതത്തില്‍ നിന്ന് 'ഉദയം'; അന്തിയുറങ്ങാൻ സ്ഥിരം കേന്ദ്രമൊരുക്കി ഭരണകൂടം

കോഴിക്കോട് നഗരത്തിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങിയിരുന്നവര്‍ക്കായി സ്ഥിരം കേന്ദ്രമൊരുക്കി ജില്ലാ ഭരണകൂടം. സന്നദ്ധസംഘടനകളുടെയും സാമൂഹ്യനീതി വകുപ്പിന്റെയുമെല്ലാം സഹകരണത്തോടെ ഉദയം ഹോമെന്ന പേരിലാണ് മാങ്കാവില്‍ ബഹുനില കെട്ടിടം തുറന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസങ്ങളോളം ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരെ ഇവിടേക്ക് മാറ്റി.

തെരുവിലെ ജീവിതത്തില്‍നിന്നൊരു ഉദയം. അതാണ് ലക്ഷ്യം. കോവിഡ് അതിനൊരു കാരണമായെന്നുമാത്രം. നിര്‍ബന്ധപൂര്‍വമാണ് പൊലീസും സന്നദ്ധപ്രവര്‍ത്തകരും പലരെയും ക്യാമ്പുകളിലെത്തിച്ചത്. ഈ താല്‍ക്കാലിക കേന്ദ്രത്തില്‍നിന്ന് ഭൂരിഭാഗം ആളുകളും സ്വന്തം വീടുകളിലേക്കും ജോലി സ്ഥലത്തേക്കും മടങ്ങിയിരുന്നു. തിരികെ പോകാതിരുന്നവര്‍ക്കാണ് ഉദയം. ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെനിന്ന് ജോലിക്കും പോകാം. നിലവിലെ സാഹചര്യത്തില്‍ സന്നദ്ധസംഘടനയായ തണലുമായി സഹകരിച്ച് സൗജന്യ താമസവും ആഹാരവും നല്‍കും. 161 പേരാണ് ഈ വീട്ടിലുള്ളത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.