‘ആ ബോട്ട് ഇനി വേണ്ട; കണ്‍മുന്നിലാണ് അവർ വെടിയേറ്റു വീണത്’; ചോര പൊടിയും ഓര്‍മ

വെടിവയ്പ്പിനിരയായ ആ  ബോട്ടിനെക്കുറിച്ച് ഓർക്കാ‍ൻ ഉടമ ഫ്രെഡിക്ക് ഒട്ടും താൽപര്യമില്ല. ഓഖി ദുരന്തത്തിൽ രണ്ടാമത്തെ ബോട്ടു കൂടി നഷ്ടമായതോടെ  കടലി‌നോടുള്ള ആത്മബന്ധവും ഉപേക്ഷിച്ചു. കേരളത്തിന്റെ അതിർത്തിയായ പാറശാലയിൽനിന്നു 10 കിലോമീറ്റർ അപ്പുറം, തുത്തൂരിൽ വീടിനോടു ചേർന്നു തുണിക്കട നടത്തി ജീവിതം കരകയറ്റുകയാണ്, എൻറിക്ക ലെക്സി കപ്പലിൽ നിന്ന് ഇറ്റാലിയൻ നാവികർ വെടിയുതിർത്ത സെന്റ് ആന്റണീസ് എന്ന ബോട്ടിന്റെ ഈ ഉടമ. ഫ്രെഡിയുടെ കണ്‍മുന്നിലാണു മത്സ്യത്തൊഴിലാളികളായ വാലന്റൈനും അജീഷ് പിങ്കിയും  വെടിയേറ്റു മരിക്കുന്നത്. ഫ്രെഡി പറയുന്നു: 

രാജ്യാന്തര ട്രൈബ്യൂണലിൽ

കഴിഞ്ഞ വർഷം ജൂലൈ 15നാണു ഫ്രെഡി നെതർലൻഡിൽ പോയി രാജ്യാന്തര ട്രൈബ്യൂണലിനു മുന്നിൽ സാക്ഷി പറഞ്ഞത്. താമസം ഉൾപ്പെടെയുള്ള  ചെലവു വഹിച്ചതു കോടതിയാണോ സർക്കാർ ആണോ എന്നറിയില്ല.  4 ദിവസം അവിടെ  താമസിച്ചാണ് മൊഴി നൽകിയത്. ശ്രീലങ്ക സ്വദേശിയായ തമിഴ്‌ വംശജനെ കോടതി പരിഭാഷകനായി നിയോഗിച്ചിരുന്നു. നഷ്ടപരിഹാരം വേണമെന്നു ഫ്രെഡി ആവശ്യപ്പെട്ടു. തലേന്ന് ഇന്ത്യയിൽ നിന്നുള്ള നിയമവിദഗ്ധരോടും ഈ ആവശ്യം ഉന്നയിച്ചു. നടന്ന സംഭവങ്ങൾ വിവരിക്കാനാണ് അവർ നിർദേശിച്ചത്. 6 മാസത്തിനകം വിധി ഉണ്ടാകുമെന്ന് അന്നു പറഞ്ഞിരുന്നു. 

രണ്ടു ദുരന്തങ്ങൾ;കടല്‍പ്പണി വിട്ടു 

വെടിവയ്പ് ഉണ്ടായി 3 വർഷത്തോളം ജോലി ഉപേക്ഷിച്ചാണു ഫ്രെഡ‍ി കേസിനു പിന്നാലെ നടന്നത്. ബോട്ടിൽ നിന്നു വർഷം തോറും ഫെഡിക്ക് 18–24 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നു. ഇതുപേക്ഷിച്ചാണ്  കേസിനു പോയത്. അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ  എത്തണമെന്നു പറഞ്ഞതിനാലും ബോട്ട് തിരികെ ലഭിക്കാത്തതിനാലുമാണു ജോലിക്കു പോകാൻ കഴിയാതിരുന്നത്. ബോട്ട് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ വരെ ഹർജി നൽകി. കൊല്ലം കോടതിയെ സമീപിക്കാനായിരുന്നു നിർദേശം. കോടതിയുടെ ഉപാധികൾ നിർവഹിക്കാൻ കഴിയാതിരുന്നതിനാൽ ബോട്ട് ഉപേക്ഷിച്ചു. വെടിയേറ്റു തുള വീണ ബോട്ടിൽ അറ്റകുറ്റപ്പണി പോലും നടത്തരുത് എന്നായിരുന്നു ഉപാധികൾ. പിന്നീടു മറ്റൊരാളുടെ കൂടി പങ്കാളിത്തത്തോടെ ഇൻഫന്റ് ജീസസ് എന്ന ബോട്ട് വാങ്ങി. ഓഖി ദുരന്തത്തിൽ ആ ബോട്ടും നഷ്ടമായി. അതോടെ കടലിലെ ജോലി ഉപേക്ഷിച്ചു.

നഷ്ടപരിഹാരം 17 ലക്ഷം  രൂപ

വെടിവയ്പ് കേസിൽ 17 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചെങ്കിലും അതു മതിയായ തുകയായിരുന്നില്ല. കടം വാങ്ങിയാണു പിന്നീട് ഒരു ബോട്ടു വാങ്ങിയത്. അതും നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടി. അങ്ങനെയാണു തുണിക്കട തുടങ്ങിയത്.

‘ഇനി വേണ്ട, ആ ബോട്ട്’

എൻറിക്ക ലക്സി കടൽക്കൊല കേസിലെ  തൊണ്ടിമുതലായ ബോട്ട് നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷൻ വളപ്പിൽ കിടന്നു ജീർണിച്ച് ഇല്ലാതാകുന്നു.  8 വർഷമായി ഇത് അവിടെ കിടക്കുകയാണ്. പ്രൊപ്പല്ലർ ഇളക്കി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ‘ വിറകുവില പോലും ലഭിക്കില്ല. ഇനി അതു വേണ്ട’ – ബോട്ടിന്റെ ഉടമ ഫ്രെഡി പറഞ്ഞു.