ഭൂമി ഏറ്റെടുക്കലിനിടെ പ്രതിഷേധം; പൊലീസിനു മുന്നിൽ തീഗോളമായി യുവാവ്: നടുക്കം

കാട്ടാക്കട: നെയ്യാർഡാം മരകുന്നത്ത് ജല ശുദ്ധീകരണ ശാല നിർമ്മിക്കുന്നതിനായി സർക്കാർ ഏറ്റെടുത്ത  ഭൂമി വേലി കെട്ടി തിരിക്കുന്നതിനിടെ പ്രതിഷേധവുമായി എത്തിയ യുവാവ് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി . ഗുരുതരമായി പൊള്ളലേറ്റ മരകുന്നം മഹേഷ് ഭവനിൽ രജീഷ്(31)  മെഡിക്കൽ കൊളെജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ രാവിലെ പൊലീസ് സാന്നിധ്യത്തിലാണ്  സംഭവം.

നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതിക്കായി  ഇറിഗേഷൻ  വകുപ്പിന്റെ  ആറ് ഏക്കർ  വിട്ട് നൽകിയിരുന്നു. സ്വകാര്യ ആശ്രമം കുത്തകപ്പാട്ട വ്യവസ്ഥയിൽ കൈവശം വച്ചിരുന്ന ഭൂമിയാണ് പാട്ട വ്യവസ്ഥ ലംഘിച്ചതിന് തിരിച്ചെടുത്ത് പുതിയ പദ്ധതിക്ക് നൽകിയത്. ഇവിടെ വർഷങ്ങളായി താമസിക്കുന്ന എട്ട് കുടുംബങ്ങളുണ്ട്. ഈ കുടുംബത്തിൽപെട്ടയാളാണ് രജീഷ്.

തന്റെ പിതാവിന്റെ കല്ലറയുൾപെടുന്ന ഭൂമി ഒഴിവാക്കി വേലി  ആവശ്യം നിരാകരിച്ചതാണ് പ്രകോപനത്തിന് കാരണം.  ഇറിഗേഷൻ വിട്ടു നൽകിയ ഭൂമിയുടെ 60 ശതമാനത്തോളം വേലികെട്ടി തിരിച്ചു.ഇന്നലെ വേലി നിർമ്മാണത്തിനെത്തിയപ്പോൾ രജീഷ് തന്റെ ആവശ്യം പറഞ്ഞു. എന്നാൽ രജീഷിന്റെ കുടുംബം കൈവശം വച്ചിരുന്ന ഭൂമിയിൽ വീടൊഴികെയുള്ള ഭാഗം ഒഴിവാക്കി വേലിനിർമ്മിക്കാനായിരുന്നു ശ്രമം.

പിതാവിന്റെയും മുൻഗാമികളുടെയും കുഴിമാടം വേലിക്കകത്താകും. ഇത് ഒഴിവാക്കാൻ തയ്യാറാകാത്തതാണ് പ്രശ്നമായത്. രജീഷിന്റെ കുടുംബം പതിറ്റാണ്ടുകളായി ഇവിടയാണ് താമസം. നിർദ്ദിഷ്ട ഭൂമിയിൽ താമസക്കാരായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി മാറ്റി പാർപ്പിക്കാൻ സർക്കാർ തയ്യാറായില്ല. കയ്യേറ്റ ഭൂമിയിലാണ് താമസമെന്ന പേരിലാണ് സർക്കാർ കയ്യൊഴിഞ്ഞത്.

കുന്നിൽ മഹാദേവർ ക്ഷേത്രമുൾപെടുന്ന ഭൂമിയാണ് പദ്ധതിക്കായി ഇറിഗേഷൻ തിരഞ്ഞെടുത്തത്.ഈ ഭൂമി കുത്തക പാട്ട വ്യവസ്ഥ ലംഘിച്ചതിന് സർക്കാർ തിരിച്ചെടുത്തു.ഇത് സംബന്ധിച്ച കേസുകൾ ഹൈക്കോടതി തള്ളുകയും.ആർഡിഒയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.. ആർ ഡിഒയും സർക്കാർ ഭൂമിയെന്ന് വിധിയെഴുതി. തുടർന്ന് നെയ്യാറ്റിൻകര മുൻസിഫ് കോടതിയെ രജീഷിന്റെ കുടുംബം സമീപിച്ചു. സ്റ്റേ അനുവദിക്കാതെ കോടതി ചിലവുൾപെടെ തള്ളിയതിനെ തുടർന്നാണ് വേലി നിർമ്മാണം തുടങ്ങിയതെന്ന് ജലസേചന വകുപ്പ് അറിയിച്ചു.