അഭിമന്യു കൊല്ലപ്പെട്ടിട്ട് 2 വര്‍ഷം; കണ്ണീർ തോരാതെ കുടുംബം

എറണാകുളം മഹാരാജാസ് കോളജില്‍  വിദ്യാര്‍ഥിയായിരുന്ന  അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. കൊലപാതക കേസില്‍ അവസാന പ്രതിയും അഴിക്കുള്ളിലായതിന്റെ  ആശ്വാസത്തിലാണ് കുടുംബവും ജന്മനാടായ ഇടുക്കിയിലെ വട്ടവടയും. മരണത്തിന് ശേഷവും അഭിമന്യുവെന്ന വിപ്ലവകാരി വട്ടവടയിലെ ജനമനസുകളിലൂടെ ജീവിക്കുകയാണ്.

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ  നാൻ പെറ്റ മകനേ എന്ന ഈ അമ്മയുടെ നിലവിളി അഭിമന്യുവിന്റെ ഒാര്‍മകളില്‍ വീണ്ടും ഉയരുന്നു . രണ്ട് വർഷം പിന്നിട്ടെങ്കിലും ഇവരുടെ   കണ്ണുനീർ തോർന്നിട്ടില്ല. മകനെ കൊന്നവരെ  തൂക്കിലേറ്റണമെന്നാണ്   ആവശ്യം.

വട്ടവടയെന്ന കൊച്ചു ഗ്രാമത്തിന്റെ  വികസനത്തെക്കുറിച്ച് വലിയ കാഴ്ച്ചപ്പാടുകളുണ്ടായിരുന്ന അഭിമന്യു  ഇവിടെ  ഗ്രാമസഭാ യോഗത്തില്‍ പങ്കെടുത്തപ്പോള്‍  തന്റെ  കുടുംബത്തിന് സ്വന്തമായി ഒരു  വീടല്ല ആവശ്യപ്പെട്ടത് മറിച്ച്  ഒരു ലൈബ്രറിക്ക് വേണ്ടിയാണ് വാദിച്ചത്. മഹാരാജാസ് കോളജിലെ കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യര്‍ഥിയായിരുന്ന അഭിമന്യുവിന്റെ സ്വപ്‌നമായിരുന്ന ലൈബ്രറി -അഭിമന്യു മഹാരാജാസ് എന്നപേരില്‍  ഇപ്പോള്‍ നാടിന്റെ  അക്ഷര വെളിച്ചമാണ്. ആരോഗ്യ കേന്ദ്രവും, പി.എസ്.സി  പരിശീലന  കേന്ദ്രവും  . കുടിവെള്ള പദ്ധതിയുമെല്ലാം ഇവിടെ നടപ്പാക്കിയത് അഭിമന്യുവിന്റെ വികസന സ്വപ്നങ്ങളെ മുൻനിർത്തിയാണ്.

വട്ടവടയിലെ അഭിമന്യു സ്മാരക നിര്‍മാണം ഇപ്പോഴിവിടെ പുരോഗമിക്കുകയാണ്. അഭിമന്യുവിന്റെ   ഒാര്‍മക്കൂടാരങ്ങള്‍  വട്ടവടയുടെയും മഹാരാജാസിന്റെയും മണ്ണിലും മനസിലുമുണ്ട്.