രണ്ടു മാസമായി ജോസ് കെ.മാണി ബിജെപിക്ക് പിന്നാലെ: തുറന്നടിച്ച് പി.സി.ജോർജ്

രണ്ട് മാസമായി ബിജെപിയുടെ പിറകേ നടക്കുകയാണ് ജോസ്.കെ. മാണിയെന്ന് പി.സി. ജോർജ് എംഎൽഎ. അവിടെ കയറി എന്തെങ്കിലും സ്ഥാനം കിട്ടണമെന്നാണ് ജോസ്.കെ. മാണിയുടെ ആഗ്രഹം. ഡൽഹിയിൽ പോയി ബിജെപി നേതാക്കളെ ജോസ്. കെ. മാണി നേരത്തേ കണ്ടിരുന്നുവെന്നും ആ അഹങ്കാരം വച്ചാണ് യുഡിഎഫിൽ ഈ വഴക്കുണ്ടാക്കിയതെന്നും പി.സി. ജോർജ് ആരോപിച്ചു. വിഡിയോ സ്റ്റോറി കാണാം.

യുഡിഎഫിൽ നിന്ന് ജോസ്.കെ മാണിയെ പുറത്താക്കിയ നടപടി നൂറ് ശതമാനവും ശരിയാണ്.  വൈകിയ വേളയിലെങ്കിലും കോൺഗ്രസ് നേതൃത്വത്തിന് വിവരമുണ്ടായതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയുടെ മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ മാണി. സ്വന്തം അപ്പനോട് പോലും നീതി പുലർത്താത്ത ആളെ യുഡിഎഫിൽ നിന്ന്  പുറത്താക്കിയത് നന്നായി. 

'മുന്നണി എന്ന നിലയിൽ കൂടി നിന്നിട്ട് കക്ഷികൾ തമ്മിൽ ഒരു ഒത്തുതീർപ്പുണ്ടാക്കി തീരുമാനം എടുത്ത് പിരിഞ്ഞാൽ അത് നടപ്പാക്കാനുള്ള ബാധ്യത ഘടകകക്ഷികൾക്ക് ഉണ്ട്. ഘടകകക്ഷികൾ നടപ്പിലാക്കുന്നില്ലെങ്കിൽ അത് നടപ്പാക്കിക്കാനുള്ള ചുമതല യുഡിഎഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിനും മുസ്​ലിം ലീഗിനും ഉണ്ട്.  രണ്ടുമാസമായി ജോസഫ് വഴിയേ കരഞ്ഞു നടക്കുകയാണ്. ഞങ്ങളോട് വാക്ക് പാലിക്കണം എന്ന് പറഞ്ഞ്'. ഇത്രയും വൈകിപ്പോയത് ശരിയായില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പിസി ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു.

ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന യുഡിഎഫ് തീരുമാനം പാലിക്കാത്തതിനാലാണ് നടപടി.  ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് പക്ഷം വാദിച്ചു.  പല തലത്തില്‍ ചര്‍ച്ചകള്‍ നടത്തി; ആവശ്യത്തിലേറെ സമയവും നല്‍കിയെന്ന് ബെന്നി ബഹനാന്‍ തിരുവനന്തപുരത്ത് പറഞ്ഞു.