എയ്ഞ്ചൽ മുതൽ കുട്ടി ഷാർക്ക് വരെ; ലോക്ഡൗണിൽ അതിജീവനകഥയായി അലങ്കാരമത്സ്യകൃഷി

ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട ലോറി ഡ്രൈവര്‍ അലങ്കാരമല്‍സ്യകച്ചവടത്തില്‍ വിജയക്കൊടി പാറിക്കുന്നു. പാലക്കാട് സ്വദേശിയായ മണികണ്ഠനാണ് കോഴിക്കോട്ടെ വഴിയോരത്ത് അലങ്കാര മല്‍സ്യകച്ചവടം നടത്തുന്നത്. 

നാല്‍പ്പത് രൂപയുള്ള ഏയ്ഞ്ചല്‍ മുതല്‍ 750 രൂപയുള്ള കുട്ടി ഷാര്‍ക്ക് വരെയുണ്ട് മണികണ്ഠന്‍റെ കയ്യില്‍. പല വലുപ്പത്തിലുള്ള ഗോള്‍ഡന്‍ഫിഷും ബ്ലാക് മോളിയുമെല്ലാം ഗ്ലാസ് കുളത്തില്‍ നീന്തിതുടിക്കുന്നു. രാവിലെ മുതല്‍ നല്ല തിരക്ക്, നല്ല കച്ചവടം. ലോറി ഡ്രൈവറായിരുന്നപ്പോള്‍ 800 രൂപയായിരുന്നു ദിവസക്കൂലി. മല്‍സ്യകച്ചവടത്തിലൂടെ ദിവസവും  കുറഞ്ഞത് രണ്ടായിരമെങ്കിലും ലഭിക്കും. 

12 വര്‍ഷം മുമ്പ് മണികണ്ഠന്‍ കോഴിക്കോടെത്തിയതാണ്. ഫറോക്കിലാണ് ഭാര്യവീട്. ആദ്യം ചെയ്ത തുണികച്ചവടം എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ് ഡ്രൈവറായത്. ലോക്ഡൗണ്‍ വീണ്ടും കച്ചവടത്തിലേയ്ക്ക് തന്നെ എത്തിച്ചതിന്‍റെ സംതൃപ്തി മണികണ്ഠന്‍റെ മുഖത്ത് കാണാം.  കച്ചവടം പച്ച പിടിച്ചതോടെ തല്‍ക്കാലത്തേയ്ക്ക് ഡ്രൈവിങ്ങിനോട് വിട പറഞ്ഞ മണികണ്ഠന്‍ വഴിയോര അലങ്കാര മല്‍സ്യകച്ചവടം കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. പ്രാദേശിക ഫാമുകളില്‍ നിന്ന് അലങ്കാര മല്‍സ്യങ്ങളെത്തിക്കാനുള്ള ഓട്ടത്തിലാണ് മണികണ്ഠനിപ്പോള്‍.