സപ്ലൈകോ കിറ്റിന് നടപടിയായില്ല; സാങ്കേതിക തടസമെന്ന് വിശദീകരണം

സൗജന്യഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് സപ്ലൈകോ ഒൗട്ട്ലറ്റ് വഴി നല്‍കാന്‍ ഇനിയും നടപടിയായില്ല. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേരാണ്  കിറ്റ് വാങ്ങാത്തത്. സാങ്കേതിക തടസമാണ് വിതരണം വൈകാന്‍ കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം 

കഴിഞ്ഞ 26 നാണ് റേഷന്‍കട വഴിയുള്ള കിറ്റ് വിതരണം അവസാനിപ്പിച്ചത്. 87.28 ലക്ഷം കാര്‍ഡുടമകളില്‍  84.48 ലക്ഷം പേര്‍ കിറ്റ് വാങ്ങി. തയാറാക്കിയതില്‍ ശേഷിക്കുന്ന 1.71 ലക്ഷം കിറ്റുകള്‍ റേഷന്‍കടകളില്‍ നിന്ന്  സപ്ലൈകോ തിരിച്ചെടുത്തു. നീലകാര്‍ഡുകാരാണ് ഏറ്റവും കൂടുതല്‍ വാങ്ങാനുള്ളത്. 76012 പേര്‍. പുതിയതായി റേഷന്‍കാര്‍ഡ് കിട്ടിയവരില്‍ പകുതിപ്പേരും കിറ്റ് വാങ്ങിയിട്ടില്ല. ഇവര്‍ക്കായി  സപ്ലൈകോയുടെ ഒൗട്ട് ലറ്റുകള്‍ വഴി വിതരണം 

ചെയ്യുമെന്നായിരുന്നു അറിയിപ്പ്. പക്ഷെ ഒരാഴ്ച പിന്നിട്ടിട്ടും വിതരണം സാധ്യമായിട്ടില്ല. അനര്‍ഹര്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇപോസ് മെഷീനില്‍ രേഖപ്പെടുത്തിയാണ് റേഷന്‍കടവഴി കിറ്റ് കൊടുത്തത്. പക്ഷെ സപ്ലൈകോ വില്‍പനകേന്ദ്രങ്ങളില്‍ അതിനുള്ള സംവിധാനമില്ല. അതിനാല്‍ വാങ്ങാത്തവരുടെ പട്ടിക ഭക്ഷ്യവകുപ്പില്‍ നിന്ന് ലഭ്യമായാലോ കിറ്റ് വിതരണം സാധ്യമാകു. ഇപോസ് ഡാറ്റ നിയന്ത്രിക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിനോട് പട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും  ഈയാഴ്ച അവസാനത്തോടെയേ ലഭ്യമാക്കാനാകുവെന്നാണ് മറുപടി. കിട്ടിയാല്‍ തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങും. ഒരാഴ്ചക്കുള്ളില്‍ അവസാനിപ്പിക്കും. പല കിറ്റിലെയേയും  എണ്ണയുടെ കവര്‍ പൊട്ടിയിട്ടുണ്ട്. ആട്ട കേടുവരാനുള്ള സാധ്യതയും ഏറെയാണ്. ബാക്കിവരുന്ന  കിറ്റുകളിലെ സാധനങ്ങള്‍ ഒൗട്ട്ലറ്റുകളിലൂടെ വില്‍ക്കാനാണ് തീരുമാനം.