തലയിൽ ചക്കവീണ് ആശുപത്രിയിലെത്തി; പരിശോധനയിൽ യുവാവിന് കോവിഡ്

പ്രതീകാത്മക ചിത്രം

ചക്ക തലയിൽ വീണ് പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ കോവിഡ് ബാധ സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിയായ യുവാവിനാണ് പരിയാരം മെഡിക്കൽ കോളെജിൽ വച്ച് രോഗബാധ സ്ഥിരീകരിച്ചത്. 

സാരമായ പരുക്കേറ്റതിനാൽ യുവാവിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. പ്രകടമായ കോവിഡ് ലക്ഷണങ്ങൾ യുവാവിന് ഇല്ലായിരുന്നുവെങ്കിലും കാസർകോട് നിന്ന് വന്നതിനാൽ സ്രവം പരിശോധിക്കാനും തീരുമാനിച്ചു. ഫലം വന്നപ്പോൾ പക്ഷേ പോസിറ്റീവായത് ഡോക്ടർമാരെ ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റുരോഗങ്ങൾക്ക് ചികിൽസ തേടിയെത്തിയ രണ്ട് പേർക്കു കൂടി കോവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനും സമാനമായ രീതിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആശങ്കയിലാണ്. ആദ്യഘട്ടത്തിൽ ജില്ലയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.