നാലര മാസമായി ശമ്പളമില്ല; കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യഷോപ്പിലെ കാവല്‍ക്കാരൻ

കഴിഞ്ഞ നാലര മാസമായി ശമ്പളം  ലഭിക്കാതെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യഷോപ്പിലെ കാവല്‍ക്കാരന്‍. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് ഒൗട്ട് ലെറ്റിലെ കാവല്‍ക്കാരനാണ് ലോക്ഡൗണ്‍കാലത്തും അത്യാവശ്യങ്ങള്‍ക്കു പോലും പണമില്ലാതെ വലയുന്നത്.

അരി വാങ്ങാന്‍ പോലും വകയില്ലാതെയാണ് മലപ്പുറത്തെ കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യഷോപ്പിനു മുന്‍പില്‍ പ്രസാദ് കാവല്‍ നില്‍ക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കട ആസ്ഥാനമായ സെക്യൂരിറ്റി ഏജന്‍സി വഴിയാണ് ജോലി ചെയ്യുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ ഏജന്‍സി നടത്തുന്നയാള്‍ എല്ലാ മാസവും കൃത്യമായി ശമ്പളം കൈപ്പറ്റിയെന്നാണ് വിവരം.  കാര്യമറിയാന്‍ നടത്തിപ്പുകാരനെ പലവട്ടം ബന്ധപ്പെട്ടെങ്കിലും അടുത്ത ദിവസം തരാമെന്നാണ് മറുപടി.

ഒന്‍പതിനായിരം രൂപയാണ് പ്രതിമാസ ശമ്പളം.കണ്‍സ്യൂമര്‍ ഫെഡിലെ മറ്റു ജീവനക്കാരുടെ കാരുണ്യത്തിലാണ് ദൈനംദന ജീവിതം. 

പ്രസാദിന്റെ ശമ്പളത്തെ ആശ്രയിച്ചാണ് വയനാട്ടിലെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബവും കഴിയുന്നത്.