കടുവയെ പിടിക്കാൻ കൊണ്ടുവന്നു; പാപ്പാനെ കുലുക്കി വീഴ്ത്തി; കുഞ്ചുവിനെ തരിച്ചയച്ചു

കടുവയെ പിടിക്കുന്നതിനു വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ എത്തിച്ച കുങ്കിയാന ‘കുഞ്ചു’വിനെ വയനാട് മുത്തങ്ങ ക്യാംപിലേക്ക് തിരികെ കൊണ്ടുപോയി. തണ്ണിത്തോട് മേടപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ 7ന് ഇടുക്കി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് കടുവയെ പിടിക്കുന്നതിനു വയനാട്ടിൽ നിന്ന് കുങ്കിയാനയെ എത്തിച്ചത്. ശനിയാഴ്ച പ്രധാന പാപ്പാൻ പറമ്പിക്കുളം സ്വദേശി മുരുകനെ ആനപ്പുറത്തു നിന്ന് കുലുക്കി താഴെയിട്ടിരുന്നു. പാപ്പാന്റെ നട്ടെല്ലിനു പരുക്കേറ്റതോടെ ആനയെ ഉപയോഗിച്ചു കടുവയെ തിരയുന്നത് നിർത്തി വച്ചു.

ഇന്നലെ ഉച്ചയോടെയാണ് ആനയും ഒപ്പം എത്തിയ എലിഫന്റ് സ്ക്വാഡിലെ റേ‍ഞ്ച് ഓഫിസർ കെ.ഹാഷിഫ് അടക്കമുള്ളവരും മടങ്ങിയത്. സ്ഥലത്തെ ഭൂപ്രകൃതി അനുസരിച്ച് ആനയെ ഉപയോഗിച്ചുള്ള തിരച്ചിലിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതേസമയം വനപാലകരുടെ നേതൃത്വത്തിൽ വനത്തിനോടു ചേർന്ന പ്രദേശങ്ങളിൽ കടുവയ്ക്കായി തിരച്ചിൽ തുടരുന്നു. മയക്കുവെടി വിദഗ്ധരായ ഡോക്ടർമാരുടെ സംഘം സ്ഥലത്ത് ക്യാപ് ചെയ്യുന്നുണ്ട്. മുഖ്യ വന്യജീവി വാർഡന്റെ നിർദേശം ലഭിക്കും വരെ വിദഗ്ധ സംഘം റേഞ്ച് ഓഫിസിൽ തുടരും. കടുവ കാട് കയറിയതാകാമെന്ന നിഗമനത്തിൽ തന്നെയാണ് വനം വകുപ്പ്.

കഴിഞ്ഞ 13ന് പേഴുംപാറ രമാഭായി സെറ്റിൽമെന്റ് കോളനിക്കു സമീപമാണ് അവസാനമായി കടുവയെ കാണുന്നത്. വനത്തിനോടു ചേർന്ന മേടപ്പാറ, മൺപിലാവ്, വില്ലൂന്നിപ്പാറ,പൂച്ചക്കുളം, മണിയാർ, പേഴുംപാറ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നലെയും തിരച്ചിൽ തുടർന്നു.തേക്കടിയിൽ നിന്നുള്ള വനം ജീവനക്കാരും തിരച്ചിലിനായി എത്തിയിട്ടുണ്ട്.വടശേരിക്കര റേഞ്ചിലെ വനപാലകർക്കു പുറമേ റാപ്പിഡ് റെസ്പോൺസ് ടീമും രംഗത്തുണ്ട്. 56 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.